| Saturday, 12th May 2018, 12:50 pm

'അയാള്‍ക്ക് ഭ്രാന്താണ്' യെദ്യൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: മെയ് 17ന് കര്‍ണാടകയില്‍ തന്റെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യെദ്യൂരപ്പയ്ക്ക് മാനസിക പ്രശ്‌നമാണ് എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

വോട്ടു ചെയ്യാനായി പോകവെ യെദ്യൂരപ്പയുടെ പ്രഖ്യാപനത്തെക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

“വന്‍ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വളരെ വളരെ വിശ്വാസമുണ്ട്.” എന്നും അദ്ദേഹം പറഞ്ഞു. മെയ് 17 ന് താന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്.


Also Read: ബംഗളുരുവിലെ ബൂത്തില്‍ ഏത് അമര്‍ത്തിയാലും വോട്ടുവീഴുന്നത് താമരയ്ക്ക്, വോട്ടുചെയ്യാതെ ആളുകള്‍ മടങ്ങുന്നു; ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്


ശിക്കാരിപുരയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് യെദ്യൂരപ്പ. “തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 15ന് തന്നെ ഞാന്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകും. 17ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഞാന്‍ അദ്ദേഹത്തേയും മറ്റുള്ളവരേയും ക്ഷണിക്കും.” എന്നാണ് യെദ്യൂരപ്പ പറഞ്ഞത്.

224 അംഗ നിയമസഭയില്‍ 145 മുതല്‍ 150 സീറ്റുകള്‍ വരെ തങ്ങള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

“സംസ്ഥാനം മുഴുവന്‍ മൂന്നുതവണ ഞാന്‍ പര്യടനം നടത്തി. വലിയ മാര്‍ജിനില്‍ വിജയിക്കുമെന്ന് 100% വിശ്വാസമുണ്ട്. ഈ വൈകുന്നേരം തന്നെ എക്‌സിറ്റ് പോള്‍ എന്തു പറയുന്നുവെന്ന് നിങ്ങള്‍ക്ക് കാണാം” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്നു രാവിലെയാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്.


Also Read: ഞാന്‍ കൊല്ലപ്പെട്ടേക്കും; വാടകക്കൊലയാളികളെ അവര്‍ ഏര്‍പ്പാടാക്കിക്കഴിഞ്ഞു; വില്‍പ്പത്രം ഉടന്‍ തയ്യാറാക്കുമെന്നും മമത ബാനര്‍ജി


രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

4.96 കോടിയിലേറെ വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 2.52 കോടി പുരുഷ വോട്ടര്‍മാരും 2.44 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 4552 പേര്‍ ട്രാന്‍സ്‌ജെന്ററുകളുമാണ്.

We use cookies to give you the best possible experience. Learn more