| Tuesday, 6th November 2018, 12:15 pm

എന്റെ മകന്റെ മരണത്തെക്കുറിച്ച് മനുഷ്യത്വം തീണ്ടാതെ ജനാര്‍ദ്ദറെഡ്ഡി സംസാരിച്ചതിനുള്ള ശാപമാണിത്; ബെല്ലാരിയിലെ വിജയത്തെക്കുറിച്ച് സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: ബി.ജെ.പി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തികള്‍ക്ക് ബെല്ലാരിയിലെ ജനങ്ങള്‍ നല്‍കിയ ശാപമാണ് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ദീപാവലി ദിനത്തില്‍ ബെല്ലാരിയിലെ ജനത ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട ജനാര്‍ദ്ദന റെഡ്ഡിയുടെ പരാമര്‍ശങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്ത് തന്നെ തന്റെ കുട്ടികളില്‍ നിന്നകറ്റി നാലുവര്‍ഷം ജയിലില്‍ ശിക്ഷിച്ചതിനുള്ള ദൈവത്തിന്റെ ശിക്ഷയാണ് സിദ്ധരാമയ്യയുടെ മകന്റെ മരണം എന്നായിരുന്നു ജനാര്‍ദ്ദന റെഡ്ഡി പറഞ്ഞത്.

“എന്നെ എന്റെ മക്കളില്‍ നിന്നും അകറ്റിയതിന് ദൈവം അദ്ദേഹത്തെ ശിക്ഷിച്ചു” എന്നാണ് റെഡ്ഡി പറഞ്ഞത്. 2016ല്‍ ബെല്‍ജിയത്തെ ആശുപത്രിയില്‍ വെച്ചാണ് അസുഖത്തെ തുടര്‍ന്ന് സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് സിദ്ധരാമയ്യ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ജനാര്‍ദ്ദന റെഡ്ഡിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു.

Also Read:കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് വന്‍മുന്നേറ്റം

ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ബെല്ലാരിയില്‍ ഒന്നരലക്ഷത്തോളം വോട്ടിനാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം മുന്നേറുന്നത്.

വി.എസ് ഉഗ്രപ്പയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ബി. ശ്രീരാമലുവിന്റെ സഹോദരിയും മുന്‍ എം.പിയുമായ ജെ. ശാന്തയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

Also Read:കര്‍ണാടകയിലെ സര്‍ക്കാറിനെ താഴെയിറക്കാന്‍ കളിച്ചവര്‍ക്ക് ജനം നല്‍കിയ മറുപടിയാണിത്; ബി.ജെ.പിയുടെ തോല്‍വിയില്‍ എച്ച്.ഡി ദേവഗൗഡ

മണ്ഡലത്തിലെ എം.പിയായിരുന്ന ബി ശ്രീരാമലു നിയമസഭ തെരഞ്ഞെടുപ്പില്‍ മൊല്‍ക്കല്‍മാരു നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.എല്‍.എയായതോടെയാണ് ബെല്ലാരിയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ബി.ജെ.പിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് സമുദായക്കാരനുമായ ബി.എസ് യെദ്യൂരപ്പയെ ശ്രീരാമലു ഒതുക്കാന്‍ ശ്രമിക്കുകയും അടുത്ത മുഖ്യമന്ത്രിയാകുവാന്‍ പരിശ്രമിക്കുന്നു എന്ന വികാരം ലിംഗായത്ത് സമുദായത്തിനിടക്ക് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more