national news
കര്‍ണാടക ഇനി കോണ്‍ഗ്രസ് ഭരിക്കും; 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരമേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 20, 07:48 am
Saturday, 20th May 2023, 1:18 pm

ബെംഗളൂരു: കര്‍ണാടകയുടെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. വേദിയിലുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെല്ലാം ഹസ്തദാനം നല്‍കിയാണ് സിദ്ധരാമയ്യയെ അഭിനന്ദിച്ചത്.

പിന്നാലെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇവരെ കൂടാതെ എട്ട് എം.എല്‍.എമാര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വന്‍ കരഘോഷത്തോടെയാണ് കാണികള്‍ പുതിയ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സ്വീകരിച്ചത്. ഉച്ചയ്ക്ക് 12.30ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്.

 

ജി. പരമേശ്വര, മല്ലികാര്‍ജുന്‍ ഖാര്‍ഖെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഖെ, കെ.ജെ ജോര്‍ജ്, എന്‍.എ ഹാരിസ്, കെ.എച്ച് മുനിയപ്പ, എം.ബി പാട്ടീല്‍, സമീര്‍ അഹമ്മദ് ഖാന്‍, രാമലിംഗ റെഡ്ഡി എന്നിവരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തില്ല. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മെഹബൂബ മുഫ്തി, കമല്‍ നാഥ്, സീതാറാം യെച്ചൂരി, കമല്‍ ഹാസന്‍, ഫാറൂഖ് അബ്ദുല്ല തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു. ബി.ജെ.പി ഇതര നേതാക്കളെ മാത്രമാണ് ചടങ്ങിന് ക്ഷണിച്ചിരുന്നത്.

content highlights: siddaramaiah new cm in karnataka