പിന്നോക്ക, ദളിത്, ന്യൂനപക്ഷങ്ങളുടെ പിന്തുണയുടെ ബലത്തിലാണ് സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. മുന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമ്പോള്‍ സിദ്ധരാമയ്യ ‘അഹിന്ദ(പിന്നോക്ക)’ സമുദായങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ പിന്തുണയാല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയും ചെയ്തു. രണ്ടാം തവണ ഒറ്റയ്ക്ക് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സിദ്ധരാമയ്യക്ക് കഴിഞ്ഞില്ലെങ്കിലും തന്റെ പഴയ പാര്‍ട്ടിയായ ജനതാദള്‍ എസിനോടൊപ്പം ചേര്‍ന്ന് ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞു.
ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടി വന്നതിനാല്‍ സിദ്ധരാമയ്യക്ക് വീണ്ടും മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞില്ല. അതിന്റെ വിഷമം പലപ്പോഴും പരോക്ഷമായി സിദ്ധരാമയ്യ പ്രകടിപ്പിച്ചിട്ടും ഉണ്ട്.
സിദ്ധരാമയ്യ വീണ്ടും സംസ്ഥാനത്ത് കോണ്‍ഗ്രസിന് വേണ്ടി ഒരു രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഒരുങ്ങുകയാണ്. ലോക്‌സഭയില്‍ ഒരു സീറ്റില്‍ മാത്രം ഒതുങ്ങിപോയ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടിയാണ് മുന്‍ മുഖ്യമന്ത്രിയുടെ ശ്രമം. അതിന് സിദ്ധരാമയ്യ കണ്ടെത്തിയിട്ടുള്ളത് അഹിന്ദ സമുദായങ്ങളുടെ പിന്തുണ തിരികെ പിടിക്കുക എന്നതാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തകര്‍ന്ന സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അഹിന്ദ സമുദായങ്ങളെ സംഘടിപ്പിക്കാന്‍ താന്‍ ശ്രമം നടത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ മണ്ഡലമായ ബദാമിയില്‍ വെച്ചായിരുന്നു സിദ്ധരാമയ്യ തന്റെ അടുത്ത ലക്ഷ്യത്തെ കുറിച്ച് പറഞ്ഞത്.
തന്റെ വ്യക്തിപരമായ ലക്ഷ്യത്തിന് വേണ്ടി അഹിന്ദ സമുദായങ്ങളെ താന്‍ സംഘടിപ്പിക്കുകയാണ് എന്ന പ്രചരണത്തെ സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിന് പുറത്ത് അഹിന്ദ സമുദായങ്ങളുടെ സംഘടന രൂപപ്പെടുത്താന്‍ എനിക്ക് താല്‍പര്യമില്ല. കോണ്‍ഗ്രസിന്റെ വിശ്വസ്തനായ പാര്‍ട്ടി പ്രവര്‍ത്തകനായി തുടര്‍ന്നുകൊണ്ട് ഞാന്‍ അഹിന്ദ സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഹിന്ദ സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് തന്നെ ജനതാദള്‍ എസ് പുറത്താക്കിയത് എന്ന കോണ്‍ഗ്രസ് എം.എല്‍.എ അമരേഗൗഡ ബയ്യാപൂരിന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റുമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. അഹിന്ദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനാലാണ് എന്നെ ജനതാദള്‍ എസ് പുറത്താക്കിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജനതാദള്‍ എസ് അധികാരത്തില്‍ ഉണ്ടെന്ന് കരുതി സത്യം നുണയായി മാറില്ലല്ലോ എന്നും സിദ്ധരാമയ്യ പറഞ്ഞു.
മൈസൂരില്‍ കോണ്‍ഗ്രസ് നേതാക്കളുമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവരും തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.