| Thursday, 12th April 2018, 12:35 pm

മോദി- അമിത് കാമ്പെയ്ന്‍ ഞങ്ങള്‍ ഭയപ്പെടുത്തുന്നില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ജയിച്ചേ തീരൂ: സിദ്ധരാമയ്യ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

2019ല്‍ ദേശീയ തലത്തില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി നിന്ന് അവരുടെ പരാജയം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിനില്‍ക്കേ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെയും സ്ഥാനാര്‍ത്ഥി പട്ടിക കുറ്റമറ്റതാക്കുന്നതിന്റെയും തിരക്കിലാണ് അദ്ദേഹം. ഡോ. ദേവരാജിനുശേഷം ഏറ്റവും കൂടുതല്‍ക്കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന വ്യക്തിയെന്ന നിലയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ. അദ്ദേഹവുമായുള്ള അഭിമുഖത്തില്‍ നിന്ന്:

താങ്കളുടെ അഭിപ്രായത്തില്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എന്താണ്?

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമുള്ള ഭീഷണി. തങ്ങള്‍ അധികാരത്തിലെത്തിയിരിക്കുന്നത് ഭരണഘടന തിരുത്താനാണെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗേ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ രാജ്യത്തിന്റെ മതേതര ചട്ടക്കൂട്ട് തകര്‍ക്കുകയാണ് ബി.ജെ.പി. ജനാധിപത്യം പുനസ്ഥാപിക്കപ്പെടണമെങ്കില്‍ ഭരണഘടന ആദരിക്കപ്പെടണമെങ്കില്‍ ബി.ജെ.പിയെ തുടരാന്‍ അനുവദിച്ചുകൂടാ.

രാജ്യത്തിന്റെ ഉന്നതമായ മൂല്യത്തെ വരെ കര്‍ണാടക തെരഞ്ഞെടുപ്പിന് സ്വാധീനിക്കാനാവുമെന്നാണോ താങ്കള്‍
പറഞ്ഞുവരുന്നത്?

ദേശീയ സാഹചര്യം മാറണമെങ്കില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തേണ്ടതുണ്ട്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ എങ്ങനെയാണ് അപസ്വരം വ്യാപിക്കുന്നതെന്ന് നോക്കൂ. ന്യൂനപക്ഷങ്ങളും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളും മറ്റു പിന്നോക്ക വിഭാഗക്കാരുമെല്ലാം ഭീതിയിലാണ് കഴിയുന്നത്.

2019നെ എങ്ങനെയാണ് കാണുന്നത്? പൊതുപ്രശ്‌നത്തിനുമേല്‍ ചെറു പാര്‍ട്ടികളുടെയും ശക്തികളുടെയും ഒരു ഐക്യം ഉണ്ടാവുമോ?

വര്‍ഗീയ ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ എല്ലാ മതേതര മനസുള്ള ജനങ്ങളും ഒരുമിച്ച് നില്‍ക്കണം. ഇതിനെ ഒരു വിദൂര സാധ്യതയായാണ് ഞാന്‍ കാണുന്നത്. ഏറെ ശക്തരായ, വര്‍ഗീയതയ്‌ക്കെതിരെ ശക്തമായി നിലകൊള്ളുന്ന ഒട്ടേറെ പ്രാദേശിക പാര്‍ട്ടികള്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. കൂടാതെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചെടുത്ത ഇമേജും തകര്‍ന്നടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കാണിക്കുന്നത് ഗുജറാത്തില്‍ പോലും പാര്‍ട്ടി രൂപഘടന ശക്തമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ജയിക്കാനാവുമായിരുന്നു എന്നാണ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും നോക്കാം.

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ അവസാന പാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പത്തുപതിനഞ്ചു തവണ കര്‍ണാടക സന്ദര്‍ശിക്കാനിരിക്കുകയാണ്...

മോദി ഇതിനകം അഞ്ചുതവണ കര്‍ണാടക സന്ദര്‍ശിച്ചു. ഒന്നും സംഭവിച്ചിട്ടില്ല. നിങ്ങള്‍ക്കൊരു മന്ത്രിവടി വീശി തെരഞ്ഞെടുപ്പിലെ കാര്യങ്ങള്‍ മാറ്റിമറിക്കാനാവില്ല.

മോദി വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള തന്ത്രം എന്താണ്?

അദ്ദേഹം വന്ന് അദ്ദേഹത്തിന്റെ തന്ത്രം പയറ്റട്ടേ. ഞങ്ങളുടെ ആവനാഴിയില്‍ ആവശ്യത്തിലധികം അമ്പുകളുണ്ട്. ആവശ്യം വന്നാല്‍ ഞങ്ങല്‍ പാശുപതാസ്ത്രം വരെ ഉപയോഗിക്കും.

ബി.ജെ.പി ശക്തമായ കാമ്പെയ്ന്‍ എന്ന് വിളിക്കുന്ന മോദിയും അമിത് ഷായും നേതൃത്വം നല്‍കുന്ന കാമ്പെയ്ന്‍ താങ്കളെ കുലക്കുന്നില്ലേ?

എവിടെയാണ് ശക്തമായ കാമ്പെയ്ന്‍? എനിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നതാണോ ശക്തമായ കാമ്പെയ്ന്‍? സിദ്ധരാമയ്യ സര്‍ക്കാര്‍ “10% കമ്മീഷന്‍ സര്‍ക്കാറാണ്” എന്ന് അവര്‍ പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? എവിടെ തെളിവുകള്‍? പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. ഞങ്ങളുടെ സര്‍ക്കാര്‍ അഴിമതി മുക്ത സര്‍ക്കാറാണ്. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് ബി.എസ് യെദ്യൂരപ്പ ജി. ജനാര്‍ദ്ദനറെഡ്ഡി എന്നിവരും മറ്റു രണ്ടുമന്ത്രിമാരും ജയിലില്‍ പോയിട്ടുണ്ട്. അതൊരു വസ്തുതയല്ലേ?

ജയിലില്‍ പോയ രണ്ട് ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ താങ്കളുടെ പാര്‍ട്ടിയിലാണ്….

എന്നോട് ബെല്ലാരിയില്‍ വരൂവെന്ന് നിയമസഭയില്‍ വെല്ലുവിളിച്ച ജനാര്‍ദ്ദന റെഡ്ഡിയ്‌ക്കെതിരെ ഞാന്‍ പദയാത്ര നടത്തി. “റിപ്പബ്ലിക് ഓഫ് ബെല്ലാരി” നടത്തുന്ന റെഡ്ഡിയ്‌ക്കെതിരെയായിരുന്നു എന്റെ പോരാട്ടം. എന്റെ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ചിലര്‍ക്കെതിരെയും കേസുകളുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ അവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷമുള്‍പ്പെടുന്ന ലിംഗായത്തിനെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മതന്യൂനപക്ഷ പദവിക്ക് ശുപാര്‍ശ ചെയ്തു…

ആ സമുദായം സര്‍ക്കാറിന് നിരവധി ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജികളെല്ലാം ഞാന്‍ ന്യൂനപക്ഷ കമ്മീഷന് റഫര്‍ ചെയ്തിരുന്നു. അവറൊരു കമ്മിറ്റിയെ രൂപീകരിക്കുകയും ചെയ്തിരുന്നു. കമ്മിറ്റി ന്യൂനപക്ഷ പദവിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. അതിന് തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ലിംഗായത്ത് വീരശൈവ എന്ന വിഭജനം സൃഷ്ടിച്ചുവെന്ന് ചിലയാളുകള്‍ അവകാശപ്പെടുന്നുണ്ട്. പക്ഷേ അത്തരമൊരു വിഭജനമൊന്നും ഞാന്‍ കാണുന്നില്ല.

ആ സമുദായത്തിലെ ചില മതമേലാളന്മാര്‍ താങ്കളുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ?

ആരെ പിന്തുണയ്ക്കണമെന്ന് അവരല്ലേ തീരുമാനിക്കുന്നത്.

താങ്കള്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇതിനെക്കുറിച്ചു പറയില്ലേ?

ഇല്ല. ഞാനതു തൊടാനുദ്ദേശിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ അത് പ്രധാനമായ പ്രശ്‌നമല്ല.

ഞാനൊരു “യഥാര്‍ത്ഥ ഹിന്ദു” ആണെന്ന് താങ്കള്‍ അടുത്തിടെ അവകാശപ്പെട്ടിരുന്നല്ലോ. താങ്കള്‍ ഹിന്ദുവാണെന്നും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും പറയാന്‍ നിര്‍ബന്ധിതനാക്കുന്നത് ബി.ജെ.പിയാണോ?

അമിത് ഷാ എന്നെ അഹിന്ദു എന്നു വിളിച്ചിരുന്നു. എന്താണതിനര്‍ത്ഥം? ആര്‍.എസ്.എസിന്റെ കണ്ണില്‍ ആര്‍.എസ്.എസിനെ എതിര്‍ക്കുന്നവരൊന്നും ഹിന്ദുക്കളല്ല. ജാതി വിവേചനത്തേയും അസമതത്വത്തേയും എതിര്‍ക്കുന്നവരെയെല്ലാം അവര്‍ ഹിന്ദുവിരുദ്ധരായി ബ്രാന്റ് ചെയ്യും. ആര്‍.എസ്.എസിന് അതേ ജാതിവ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയും തുടരുന്നതിലാണ് താല്‍പര്യം.

തെരഞ്ഞെടുപ്പിനു മുമ്പ് താങ്കള്‍ പ്രാദേശിക അഭിമാനം, സംസ്ഥാന പതാക എന്നീ അജണ്ടകള്‍ ഉയര്‍ത്തിയല്ലോ..

ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനമെന്ന അംഗീകാരം വരുന്നത്. അതുകൊണ്ടുതന്നെ ഒരു പ്രാദേശിക ഭാഷയ്ക്ക് അത് ഉപയോഗിക്കുന്ന സംസ്ഥാനത്ത് പരമമായ സ്ഥാനം നല്‍കേണ്ടതുണ്ട്. സംസ്ഥാന പതാകയെന്നത് മുമ്പേയുള്ള ആവശ്യമാണ്. ഒരു സംസ്ഥാനത്തിന് അവരുടെ പതാക പറ്റില്ലെന്ന് ആരാ പറഞ്ഞത്?

ബി.ജെ.പിയുടെ ദേശീയതയെന്ന വ്യാഖ്യാനത്തെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണോ ഇതിലൂടെ താങ്കള്‍?

സംസ്ഥാന പതാകയെ എതിര്‍ക്കുന്നുവെന്ന് ബി.ജെ.പി പരസ്യമായി പറയട്ടേ. സംസ്ഥാന പതാകയുടെ അല്ലെങ്കില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിന്റെ, ഫെഡറല്‍ സമ്പ്രദായത്തില്‍ സംസ്ഥാനത്തിന്റെ പരമാധികാര്യത്തിന്റെയൊന്നും കാര്യത്തില്‍ അവര്‍ക്കൊരു വ്യക്തതയുമില്ല.

ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കിയും സംസ്ഥാന പതാക കൊണ്ടുവന്നും രണ്ട് വിഷയങ്ങള്‍ നിങ്ങള്‍ കേന്ദ്രത്തിന്റെ മുമ്പില്‍ വെച്ചിരിക്കുകയാണ്.

കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. അതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത്. എനിക്ക് ആ അധികാരമുണ്ടെങ്കില്‍ ഞാന്‍ സ്വയം തീരുമാനമെടുത്തേനെ.

സൗജന്യ അരിയ്ക്കുള്ള അന്ന ഭാഗ്യ പദ്ധതിപോലുള്ള  താങ്കളുടെ ചില ക്ഷേമപദ്ധതികള്‍ “പോപ്പുലിസ്റ്റ്” എന്ന തരത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു..

എന്താണ് പോപ്പുലിസ്റ്റ് പദ്ധതിയെന്നറിയാന്‍ താല്‍പര്യമുണ്ട്. സാമ്പത്തികമായും സാമൂഹ്യമായും ജനങ്ങളെ ശാക്തീകരിക്കുന്ന ഒരു പദ്ധതിയേയും പോപ്പുലിസ്റ്റ് എന്നു പറഞ്ഞ് തള്ളാനാവില്ല. കര്‍ണാടകയെ ഞങ്ങള്‍ക്കു വിശപ്പുരഹിതമാക്കണം. അതുകൊണ്ട് സൗജന്യ അരി നല്‍കി.

പക്ഷേ എന്തിനാണ് സൗജന്യം?

എന്തുകൊണ്ട് സൗജന്യമായിക്കൂടാ? ഈ സമ്പത്തൊക്കെ സൃഷ്ടിക്കാന്‍ വിയര്‍പ്പൊഴിക്കിയവര്‍ക്കാണ് നമ്മള്‍ അതു നല്‍കുന്നത്. അത് അവരുടെ തന്നെ പണമാണ്. തൊഴിലിനെയും സമ്പത്തിന്റെ വിതരണത്തെയും കുറിച്ച് ബസവണ്ണയും (12ാം നൂറ്റാണ്ടിലെ ഫിലോസഫര്‍- കവി, ലിംഗായത്ത് സന്യാസി) അതുതന്നെയാണ് പറഞ്ഞത്. അതിലെന്താണ് തെറ്റ്? വ്യവസായികളുടെ ലോണ്‍ എഴുതിത്തള്ളുമ്പോള്‍ ഈ പോപ്പുലിസ്റ്റ് എന്ന ചോദ്യം വരുന്നില്ലല്ലോ. എന്തുകൊണ്ട്? ദരിദ്ര്യര്‍ക്കും സാമൂഹ്യക്ഷേമത്തിനും എതിരു നില്‍ക്കുന്നവരാണ് ഈ വാക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഇത് താങ്കളുടെ അവസാന തെരഞ്ഞെടുപ്പാവുമോ? മുമ്പും അങ്ങനെ പറഞ്ഞിരുന്നല്ലോ.

അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന എനിക്ക് യുദ്ധത്തിന്റെ പകുതിക്കുവച്ച് ഓടിപ്പോകാനാവില്ല എന്നതുകൊണ്ടാണ് ഇത്തവണ മത്സരിക്കുന്നത് പക്ഷേ ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്.

കടപ്പാട്: ദ ഹിന്ദു

We use cookies to give you the best possible experience. Learn more