'യെദിയൂരപ്പ സര്‍ക്കാര്‍ ഒരു വര്‍ഷത്തിലധികം ഓടില്ല'; പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആവശ്യപ്പെട്ട് സിദ്ധരാമയ്യ
Karnataka
'യെദിയൂരപ്പ സര്‍ക്കാര്‍ ഒരു വര്‍ഷത്തിലധികം ഓടില്ല'; പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആവശ്യപ്പെട്ട് സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 6:05 pm

കര്‍ണാടകത്തില്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഒരു വര്‍ഷത്തിലധികം അധികം നിലനില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാം, അതിനാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. കുതിരക്കച്ചവടം നടത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ യെദിയൂരപ്പ സര്‍ക്കാരിന്റെ നിലനില്‍പ്പില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമില്ല. കോണ്‍ഗ്രസ്, ജനതാദള്‍ വിമതരുടെ പിന്തുണയോടെ 105 എം.എല്‍.എമാരെയും കൊണ്ട് എത്ര നാള്‍ ഈ സര്‍ക്കാരിന് നിലനില്‍ക്കാന്‍ കഴിയും?- സിദ്ധാരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിശ്വസ്ഥരായ എം.എല്‍.എമാരെ ഉപയോഗിച്ച് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചത് താനാണ് എന്ന പ്രചരണത്തെ സിദ്ധരാമയ്യ തള്ളി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജനതാദള്‍ എസ് ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.