ജാതി സെന്‍സസിനെതിരായ നിവേദനത്തില്‍ ഒപ്പിട്ട് ഡി.കെ ശിവകുമാര്‍; കര്‍ണാടക കോണ്‍ഗ്രസില്‍ വിള്ളല്‍
national news
ജാതി സെന്‍സസിനെതിരായ നിവേദനത്തില്‍ ഒപ്പിട്ട് ഡി.കെ ശിവകുമാര്‍; കര്‍ണാടക കോണ്‍ഗ്രസില്‍ വിള്ളല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 8:17 am

ബെംഗളൂരു: ജാതി സെന്‍സസിനെതിരായ വൊക്കലിംഗ നേതാക്കളുടെ നിവേദനത്തില്‍ ഒപ്പിട്ട് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. അവസരങ്ങള്‍ നഷ്ടപ്പെട്ട സമുദായങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനായി ജാതി സെന്‍സസ് കണ്ടെത്തലുകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചതിന് തൊട്ടുപിന്നാലെയാണിത്.

ജാതി സര്‍േവ റിപ്പോര്‍ട്ടിനെതിരായി പ്രതിപക്ഷ പാര്‍ട്ടികളായ ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും വൊക്കലിഗ നേതാക്കളുടെ നേതൃത്വത്തില്‍ വെക്കലിഗ സംഘം സമര്‍പ്പിച്ച നിവേദനത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറും കോണ്‍ഗ്രസിലെ ചില മന്ത്രിമാരും ഒപ്പുവെച്ചത്. ഇവരെ കൂടാതെ എച്ച്.ഡി. ദേവഗൗഡ, എസ്.എം. കൃഷ്ണ, കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ പ്രതിപക്ഷ നേതാവ് ആര്‍..അശോക , ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, എന്നിവരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിച്ചാല്‍ രാജ്യവ്യാപകമായി ജാതി സെന്‍സസ് നടപ്പാക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ സിദ്ധരാമയ്യ എക്‌സില്‍ പിന്തുണച്ചിരുന്നു.

എന്നാല്‍ കര്‍ണാടകയിലെ രണ്ട് പ്രബല സമുദായങ്ങളായ വൊക്കലിഗകളും ലിംഗായത്തുകളും 2015 ല്‍ സിദ്ധരാമയ്യ തന്റെ ഭരണകാലത്ത് കമ്മീഷന്‍ ചെയ്ത ജാതി സെന്‍സസിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു. ഡേറ്റ സഹിതം റിപ്പോര്‍ട്ട് തള്ളണമെന്നാണ് വൊക്കലിംഗ സംഘത്തിന്റെ ആവശ്യം. ജാതി സെന്‍സസിനെതിരെ പ്രമുഖ വൊക്കലിംഗ സന്ന്യാസിമാര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഈ സമുദായത്തില്‍ നിന്നുള്ള ശിവകുമാറും പങ്കെടുത്തിരുന്നു.

മറ്റൊരു പ്രബല സമുദായമായ വീരശൈവ ലിംഗായത്തുകളും ജാതി സെന്‍സസിനെതിരാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയും ആയ ഷാമന്നൂര്‍ ശിവശങ്കരപ്പയാണ് അഖില ഭാരതീയ വിരശൈവ മഹാസഭയുടെ അധ്യക്ഷന്‍.ഇതോടെ ജാതി സെന്‍സസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിലെ ഭിന്നത വെളിവാകുകയാണ് .

‘ഞങ്ങളുടെ രാഷ്ട്രീയം വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എം.എല്‍.എമാരും സാമുദായക നേതാക്കളും സര്‍വ്വേ ശരിയായ രീതിയില്‍ അല്ല നടന്നതെന്ന് കരുതുന്നു. അത് ശാസ്ത്രീയമായി നടപ്പാക്കണം,’ നിവേദനത്തില്‍ ഒപ്പിട്ടതിന് ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

വൊക്കലിംഗ സംഘത്തിന്റെ നിവേദനം തനിക്ക് ലഭിച്ചതായി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ അവര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlight : Siddaramaiah govt split as DKS signs petition against caste census