ബെംഗളൂരു: അധികാരത്തില്‍ നിന്ന് താഴെപ്പോയതിന് പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് വാക്‌പോര് മുറുകുന്നു. സര്‍ക്കാര്‍ താഴെപ്പോകാന്‍ കാരണം സിദ്ധരാമയ്യയാണെന്ന വിമര്‍ശനം ജെ.ഡി.എസില്‍ നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജെ.ഡി.എസുകാരെ അധിക്ഷേപിച്ച് സിദ്ധരാമയ്യ പ്രസ്താവന നടത്തിയത്.
സര്‍ക്കാര്‍ താഴെ വീണതിന് ജെ.ഡി.എസുകാര്‍ താങ്കളെയാണല്ലോ കുറ്റപ്പെടുത്തുന്നത് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് നൃത്തം ചെയ്യാനറിയാത്ത ഒരു വേശ്യ, നൃത്തം ചെയ്യാന്‍ ഫ്‌ളോര്‍ (തറ) ശരിയല്ലെന്ന് പറയുന്നതുപോലെയാണ് ജെ.ഡി.എസിന്റെ വിമര്‍ശനം എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ താഴെപ്പോയത് തന്റെ കുറ്റംകൊണ്ടല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 22 നാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായത്. 14 മാസം മാത്രം അധികാരത്തില്‍ തുടരാനേ സര്‍ക്കാരിന് കഴിഞ്ഞിരുന്നുള്ളൂ.
സിദ്ധാരമയ്യയുടെ ഏറ്റവും അടുപ്പക്കാരനായിരുന്ന നേതാക്കള്‍ രാജി വെച്ചതോടെ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് സിദ്ധരാമയ്യ ആണെന്ന വിമര്‍ശനം ജെ.ഡി.എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നിരുന്നു. കുമാരസ്വാമിയെ അധികാരത്തില്‍ നിന്ന് ഇറക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമാണ് കര്‍ണാടകയില്‍ നടന്നതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നത് സഹിക്കാന്‍ കഴിയാത്ത സിദ്ധരാമയ്യയാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ആരോപിച്ച് ദേവഗൗഡ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അധികാര നഷ്ടത്തിന് കാരണം താന്‍ അല്ലെന്നും, ദേവഗൗഡയാണെന്നും സിദ്ധരാമയ്യയും തിരിച്ചടിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഒരു വര്‍ഷത്തിലധികം നിലനില്‍ക്കില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തത്.
സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാം, അതിനാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്.
കുതിരക്കച്ചവടം നടത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ യെദിയൂരപ്പ സര്‍ക്കാരിന്റെ നിലനില്‍പ്പില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമില്ല. കോണ്‍ഗ്രസ്, ജനതാദള്‍ വിമതരുടെ പിന്തുണയോടെ 105 എം.എല്‍.എമാരെയും കൊണ്ട് എത്ര നാള്‍ ഈ സര്‍ക്കാരിന് നിലനില്‍ക്കാന്‍ കഴിയും?- എന്നായിരുന്നു സിദ്ധാരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.