ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ താഴെ വീഴാന്‍ കാരണം താനാണെന്ന ദേവഗൗഡയുടെ പ്രസ്താവനയ്‌ക്കെതിരെ കെ. സിദ്ധരാമയ്യ. സര്‍ക്കാരുകളെ വലിച്ചു താഴെയിടുന്നത് ദേവഗൗഡയുടെ ജന്മസ്വഭാവമാണെന്നും അത് തെളിയിക്കാന്‍ ചരിത്രം തുറന്നു കിടക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
‘ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഞാനും ദേവഗൗഡയും വിവിധ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെയും പേരമകന്റെയും തോല്‍വിയ്ക്ക് എന്നെയാണ് അദ്ദേഹം കുറ്റം പറഞ്ഞത്. അങ്ങനെയെങ്കില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ തോറ്റത് എങ്ങനെയാണെന്ന് പറയണം. ഞങ്ങള്‍ക്കെതിരെ വോട്ടു ചെയ്തവര്‍ക്കെതിരെ അവര്‍ എന്തെങ്കിലും നടപടിയെടുത്തോ ?’
‘ മറ്റാരെയും വളരാന്‍ ദേവഗൗഡ അനുവദിക്കില്ല. സ്വന്തം ജാതിയില്‍പ്പെട്ടവരെ പോലും വളരാന്‍ അനുവദിക്കില്ല. എല്ലാ ജാതികളിലും പാര്‍ട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്.’ സിദ്ധരാമയ്യ പറഞ്ഞു.
കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മിലായിരുന്നു പോരാട്ടമെന്നും പക്ഷെ കുമാരസ്വാമി മുഖ്യമന്ത്രിയായത് സിദ്ധരാമയ്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ദേവഗൗഡ പറഞ്ഞിരുന്നു. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജെ.ഡി.എസ് സിദ്ധരാമയ്യയെ തോല്‍പ്പിച്ചതോടെ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം കൂടുതലായെന്നും ദേവഗൗഡ പറഞ്ഞിരുന്നു.