'കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് അറിയാമോ?' വിമത എം.എല്‍.എമാര്‍ക്ക് മുന്നറിയിപ്പുമായി സിദ്ധരാമയ്യ
Karnataka crisis
'കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് അറിയാമോ?' വിമത എം.എല്‍.എമാര്‍ക്ക് മുന്നറിയിപ്പുമായി സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 10:12 am

 

ബെംഗളുരു: രാജിവെച്ച വിമത എം.എല്‍.എമാര്‍ക്ക് മുന്നറിയിപ്പുമായി സിദ്ധരാമയ്യ. ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്.

‘ഞങ്ങളുടെ എം.എല്‍.എമാരില്‍ ചിലര്‍ ബി.ജെ.പിയുടെ കെണിയില്‍ വീണിട്ടുണ്ട്. അവര്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് അറിയാമോയെന്ന് എനിക്ക് അറിയില്ല. എം.എല്‍.എ പദവിയില്‍ നിന്ന് രാജിവെക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനത്തോ ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തോ ഇരിക്കാന്‍ കഴിയില്ലെന്നാണ് നിയമം വ്യക്തമാക്കുന്നത്.’ എന്നാണ് സിദ്ധരാമയ്യയുടെ ട്വീറ്റ്.

സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവര്‍ നടത്തുന്ന ആറാമത്തെ ശ്രമമാണിത്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടാണിവര്‍. കര്‍ണാടക സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ അവര്‍ പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യുകയും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയുമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

അതിനിടെ, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡി.കെ ശിവകുമാറാണ് ഇത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹമിപ്പോള്‍ മുംബൈയില്‍ എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിനു മുമ്പിലാണ്.

ഡി.കെ ശിവകുമാറിനെ ഹോട്ടലിന് ഉള്ളിലേക്ക് കടക്കാന്‍ മുംബൈ പൊലീസ് അനുവദിച്ചിട്ടില്ല. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ മുംബൈ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

‘ഞാന്‍ ഈ ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തിട്ടുണ്ട്. എം.എല്‍.എമാര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഇന്നലെ ഇവിടെ ബി.ജെ.പി നേതാക്കള്‍ വന്നിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് മാത്രം അവരെ കണ്ടുകൂടാ?’ എന്നാണ് ഡി.കെ ശിവകുമാര്‍ മുംബൈ പൊലീസിനോടു പറഞ്ഞത്.

‘മുംബൈ പൊലീസ് നല്ല ആതിഥേയരാണ്. മറ്റൊരു ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാം ശുഭമാണ്. യാതൊരു ടെന്‍ഷനുമില്ല. ഞങ്ങള്‍ അകത്തേക്ക് കടക്കാന്‍ കാത്തിരിക്കുകയാണ്’ എന്നാണ് ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.