| Wednesday, 24th July 2019, 7:54 am

'ആകാശം ഇടിഞ്ഞുവീണാലും ഓപ്പറേഷന്‍ കമലയില്‍ വീണവരെ തിരിച്ചെടുക്കില്ല'; വിമതര്‍ക്കെതിരെ സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ‘ഓപ്പറേഷന്‍ കമല’യില്‍ വീണവരെ ആകാശം ഇടിഞ്ഞുവീണാലും പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം വിമതര്‍ക്കെതിരെ രംഗത്തെത്തിയത്.

‘ഞാന്‍ ഒന്നുകൂടി ഉറപ്പിച്ചുപറയാന്‍ ആഗ്രഹിക്കുകയാണ്, ഓപ്പറേഷന്‍ കമലയില്‍ വീണവരെ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ല. അതിനി ആകാശം ഇടിഞ്ഞുവീണാല്‍പ്പോലും.’- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ബി.ജെ.പിക്ക് 104 പേരുടെ പിന്തുണ മാത്രമാണു ലഭിച്ചതെന്ന് അവര്‍ക്കു ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധിക്ക് എതിരല്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

പൊതുജന സേവനം ലക്ഷ്യംവെച്ചുകൊണ്ടാണു തങ്ങള്‍ രാഷ്ട്രീയത്തിലേക്കു കടന്നതെന്ന് ഭരണം പോയശേഷം ഇട്ട മറ്റൊരു പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ‘പൊതുജന സേവനം എന്ന സേവനം മാത്രം ലക്ഷ്യമിട്ടാണ് രാഷ്ട്രീയത്തിലേക്കു കടന്നത്. അതൊരു തൊഴിലല്ല, വികാരമാണ്. നമുക്കൊരു ആശയമില്ലെങ്കില്‍ പൊതു ഇടത്തില്‍ നില്‍ക്കുന്നതില്‍ കാര്യമില്ല. ഞാന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നു. അതുവഴി എല്ലാവര്‍ക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുമെന്നതാണ് എന്റെ കാഴ്ചപ്പാട്.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

16 വിമത എം.എല്‍.എമാര്‍ നിയമസഭാംഗത്വം രാജിവെച്ചതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടത്. തുടര്‍ന്നാണ് അവര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതും.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു. പോരാട്ടത്തില്‍ വിജയിച്ചില്ലെന്നും എന്നാല്‍ ഇതിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് പ്രതികരണം. എം.എല്‍.എമാര്‍ ബിജെപിയുടെ കള്ള വാഗ്ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ഇന്ന് നിയമസഭാ കക്ഷിയോഗം ചേരുന്ന ബി.ജെ.പി, പ്രതീക്ഷിച്ചതുപോലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയെ കക്ഷിനേതാവായി തെരഞ്ഞെടുക്കും. നാളെത്തന്നെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.

Latest Stories

We use cookies to give you the best possible experience. Learn more