ബംഗളൂരു: ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വേണ്ട രീതിയില്‍ പരിശോധിക്കാത്തതിനു പിന്നില്‍ മോദി സര്‍ക്കാറിന്റെ സമ്മര്‍ദ്ദമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.
മോദി സര്‍ക്കാറിന്റെ സമര്‍ദ്ദം കാരണമാണ് ബാലറ്റ് തിരികെക്കൊണ്ടുവരണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാത്തത്. അട്ടിമറിക്കപ്പെടാന്‍ കഴിയാത്ത ഒന്നല്ല ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബാലറ്റുപേപ്പര്‍ തിരികെ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണയും അതുണ്ടാകാം. എന്നാല്‍ എല്ലാ ഇ.വി.എമ്മുകളും അട്ടിമറിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുകയെന്നത് ബി.ജെ.യെ സംബന്ധിച്ച് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ 50% വി.വിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 11ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇ.വി.എം ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ചന്ദ്രബാബു നായിഡു, അഭിഷേക് സിങ്‌വി, സുധാകര്‍ റെഡ്ഡി, അരവിന്ദ് കെജരിവാള്‍, കപില്‍ സിബല്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ 50% വി.വിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
വോട്ടിങ് യന്ത്രത്തില്‍ വി.വിപാറ്റ് കാണിക്കേണ്ടത് ഏഴ് സെക്കന്റ് സമയത്തേക്കാണ്. എന്നാല്‍ ഇത് പലയിടത്തും മൂന്ന് സെക്കന്റില്‍ താഴെയാണ് കാണിക്കുന്നത്. വി.വി പാറ്റ് എണ്ണാന്‍ ആറ് ദിവസം എടുക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.