ഒരു അഴിമതിക്കാരന് പകരം മറ്റൊരു അഴിമതിക്കാരന്‍ വരും; കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്ന് സിദ്ധരാമയ്യ
National Politics
ഒരു അഴിമതിക്കാരന് പകരം മറ്റൊരു അഴിമതിക്കാരന്‍ വരും; കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്ന് സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th July 2021, 6:05 pm

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാജിയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.

കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും അദ്ദേഹം രാജിവെച്ചതുകൊണ്ട് കര്‍ണാടകയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

അഴിമതിക്കാരനായ യെദിയൂരപ്പയ്ക്ക് പകരം അഴിതിക്കാരനായ മറ്റൊരാള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരും. കാരണം ബി.ജെ.പി. ഒരു അഴിമതി പാര്‍ട്ടിയാണ്. യെദിയൂരപ്പ രാജിവെക്കുന്നതോ പുറത്ത് പോകുന്നതോ അല്ല പ്രശ്നമെന്നും ബി.ജെ.പി. അധികാരത്തില്‍ നിന്ന് പോകാതെ കര്‍ണാടകയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രി മാറുന്നതു കൊണ്ട് കര്‍ണാടകയിലെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് ബി.എസ്. യെദിയൂരപ്പ പറഞ്ഞിരുന്നു. 75 വയസ്സിനു മുകളില്‍ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ.പി. നദ്ദയ്ക്കും നന്ദി പറയുന്നതായും യെദിയൂരപ്പ പറഞ്ഞു.

കുറച്ചു കാലം മുമ്പ് തന്നെ താന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നും രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് രാജിവയ്ക്കുന്നതാണ് നല്ലതെന്ന് താന്‍ കരുതിയെന്നും യെദിയൂരപ്പ പറഞ്ഞു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ രാജിവെച്ചത്.

ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Siddaramaiah about yediyurappa’s resignation