കാരവനിൽ ഇരുന്ന് പഠിച്ചത് പോറ്റിയുടെ മുമ്പിൽ പെർഫോം ചെയ്യും: സിദ്ധാർഥ് ഭരതൻ
Film News
കാരവനിൽ ഇരുന്ന് പഠിച്ചത് പോറ്റിയുടെ മുമ്പിൽ പെർഫോം ചെയ്യും: സിദ്ധാർഥ് ഭരതൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th February 2024, 10:14 pm

പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സംഭാഷണങ്ങൾ പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് രചിച്ചിട്ടുള്ളത്.

രാമകൃഷ്ണന്റെ ഡയലോഗുകൾ പറയാൻ ബുദ്ധിമുട്ടിയിരുന്നോ എന്ന ചോദ്യത്തിന് ആ താളത്തിലേക്ക് എത്തുന്നത് വരെ കഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. തങ്ങൾക്ക് സീൻ തലേ ദിവസം തരുമെന്നും ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഒരു ധാരണ കിട്ടുമെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് സിദ്ധാർഥ്.

‘ആ താളത്തിലേക്ക് എത്തുന്നത് വരെ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. ഞങ്ങൾക്ക് നേരത്തെ സീൻ തരുമായിരുന്നു. നാളെ എടുക്കാൻ പോകുന്ന സീൻ ഇന്ന് തരും. ഒന്ന് ഓടിച്ചു നോക്കാനും ഇതല്ലേ എന്നതിന്റെ ഒരു ധാരണ ഉണ്ടവനാണത്. ഞാനും അർജുനും കാരവനിൽ ഇരുന്ന് എങ്ങനെയായിരിക്കും എന്നൊരു ചെറിയ റഫ് നോക്കും. പിന്നെ പോറ്റിയുടെ (രാഹുൽ സദാശിവൻ) മുമ്പിൽ വന്നത് പെർഫോം ചെയ്ത് കാണിക്കും. പിന്നെ പോയിട്ട് കറക്ഷൻസ് ഒക്കെ പറഞ്ഞു തരും,’ സിദ്ധാർഥ് ഭരതൻ പറഞ്ഞു.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സുപ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചത്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായി ചിത്രത്തിൽ നിറഞ്ഞാടുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായി കട്ടയ്ക്ക് തന്നെ പിടിച്ച് നിൽക്കുന്നുമുണ്ട്. സിനിമയുടെ ആര്‍ട്ട് വര്‍ക്കും സംഗീതവും ദൃശ്യാവിഷ്കാരവും ഏറെ പ്രശംസ നേടുന്നുണ്ട്.

17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Sidarth barathan about T.D ramakrishnan’s dialogue