ആയിരം മുറിവുകള്‍ ഉണ്ടെങ്കിലും ശത്രുക്കളെ നേരിടാന്‍ ഞാന്‍ ഇപ്പോഴും പ്രാപ്തനാണ്; ബി.ജെ.പി നേതൃത്വത്തിനെതിരെ ലാലു പ്രസാദ് യാദവ്
Citizenship Amendment Act
ആയിരം മുറിവുകള്‍ ഉണ്ടെങ്കിലും ശത്രുക്കളെ നേരിടാന്‍ ഞാന്‍ ഇപ്പോഴും പ്രാപ്തനാണ്; ബി.ജെ.പി നേതൃത്വത്തിനെതിരെ ലാലു പ്രസാദ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 10:08 am

പറ്റ്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനൊപ്പം ചേര്‍ന്ന് രാഷ്ട്രീയ ജനതാ ദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.

ആയിരം മുറിവുകളുണ്ടെങ്കിലും ശത്രുക്കളോട് പോരാടാന്‍ തനിക്കിപ്പോഴും കഴിവുണ്ടെന്നായിരുന്നു ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് വിഷയത്തില്‍ പ്രതികരിച്ചത്. കാലിത്തീറ്റ അഴിമതിക്കേസുകളില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം ട്വിറ്ററിലൂടെയാണ് നിലപാട് വിശദീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ കണ്ണുകളിലെ അഗ്‌നിജ്വാലകള്‍ക്ക് ഇപ്പോഴും തിളക്കമുണ്ട്, എന്റെ തത്ത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, രോഗത്തിന്റെ പിടിയിലാണെങ്കിലും ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. ആയിരം മുറിവുകള്‍ ഉണ്ടെങ്കിലും ശത്രുക്കളെ നേരിടാന്‍ ഞാന്‍ ഇപ്പോഴും പ്രാപ്തനാണ്, ദൈവത്തിന് നന്ദി. എന്റെ ആത്മാഭിമാനത്തിന് ഇപ്പോഴും ഒരു ക്ഷതവും സംഭവിച്ചിട്ടില്ല’- ലാലു പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

ന്യൂനപക്ഷങ്ങള്‍ക്ക് എക്കാലത്തും പിന്തുണ നല്‍കേണ്ടതുണ്ടെന്ന് പ്രസംഗിക്കുന്ന തന്റെ പഴയ ഒരു വീഡിയോ അടക്കം പങ്കുവെച്ചായിരുന്നു ലാലു പ്രസാദിന്റെ കുറിപ്പ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെയും ബി.ജെ.പി സര്‍ക്കാരിനെയും കടന്നാക്രമിച്ചുകൊണ്ടുള്ള പ്രസംഗമാണ് ലാലു ട്വീറ്റ് ചെയ്തത്.

2015 ന് മുമ്പ് ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിം അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്ലില്‍ വ്യാഴാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്.

ഇതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്.

ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ത്ഥികളുമായി പൊലീസ് ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച അസം, മേഘാലയ, ബംഗാള്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കു നേരെ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതോടെ അക്രമാസക്തമായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കലുഷിത സാഹചര്യം കണക്കിലെടുത്ത് നാളെ അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കിയിരുന്നു. ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും യാത്ര മാറ്റിവെച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധം തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ ദല്‍ഹിയിലെ രാംലീലാ മൈതാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘ഭാരത് ബച്ചാവോ’ റാലി നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടക്കുക.

അസമിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സാക്ഷ്യം വഹിച്ചചത്. മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.