ഐ.എസ്.ആര്‍.ഒ ചാരക്കേസ്: തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ്
Daily News
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2014, 12:39 pm

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ്. കേസില്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ താന്‍ അപ്പീല്‍ നല്‍കുമെന്നും സിബി മാത്യൂസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

നവംബര്‍ 30നകം അപ്പീല്‍ നല്‍കും. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ അപ്പീലിന് പോകാന്‍ തയ്യാറാകാത്തതെന്ന് സി.ബി മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് സംബന്ധിച്ച ഹൈക്കോടതി വിധിക്കുശേഷം ആദ്യമായാണ് സിബി മാത്യൂസ് പ്രതികരിക്കുന്നത്.

ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.ബി.ഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിരുന്നില്ല. സി.ബി.ഐ റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കണമെന്ന് പറയാത്തതിനാലാണു നടപടിയെടുക്കാതിരുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

കേസന്വേഷിച്ച കെ.കെ ജോഷ്വാ, സിബി മാത്യൂസ്, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സി.ബി.ഐ നിര്‍ദേശം. അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നല്ലാതെ എന്ത് വീഴ്ചയുണ്ടായി എന്ന് സി.ബി.ഐ പറയുന്നില്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു.

നമ്പി നാരായണന്‍ ഉള്‍പടെയുള്ളവര്‍ കേസില്‍ പ്രതികളല്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. കേസില്‍ പീഡനത്തിനിരയായ നമ്പി നാരായണന് ലഭിച്ച ഇടക്കാല നഷ്ടപരിഹാരത്തുകയില്‍ പകുതി കോര്‍ട്ട് ഫീയായി നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവും മുമ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഉത്തരവു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയത്.