| Monday, 11th February 2013, 10:30 am

ധര്‍മരാജന്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു: സിബി മാത്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൂര്യനെല്ലിക്കേസ് പ്രതി ധര്‍മരാജന്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്.[]

പതിനേഴ് വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ക്ക് അര്‍ഥമില്ല. കുര്യന്റെ പേരുപറയരുതെന്ന് സിബി മാത്യൂസ് പറഞ്ഞതായി ധര്‍മരാജന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു സിബി മാത്യൂസിന്റെ പ്രതികരണം.

കോടതി തന്നെ ധര്‍മരാജന്റെ മൊഴി രേഖപ്പെടുത്തിയതാണ്. എന്തുകൊണ്ട് വിചാരണഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ല . കോടതിക്കു മുന്നില്‍ സംശയങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ ധര്‍മരാജന്റെ ശ്രമം.

ശിക്ഷിക്കപ്പെട്ട പ്രതിക്ക് രക്ഷപ്പെടണമെന്നുണ്ടാകുമെന്നും സിബി മാത്യൂസ് പറഞ്ഞു. അതേസമയം ധര്‍മരാജന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.കെ. ജോഷ്വാ പറഞ്ഞു.

സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന് വ്യക്തമായ പങ്കുണ്ടെന്ന് മൂന്നാം പ്രതിയും സൃഷ്ട്ടിക്കപ്പെട്ട ഏക പ്രതിയുമായ ധര്‍മ്മരാജന്‍ വെളിപ്പെടുത്തിയിരുന്നു.

സംഭവം നടക്കുന്ന അന്ന് തന്റെ അംബാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയത്. ഫെബ്രുവരി 19 നാണ് കുര്യന്‍ ഗസ്റ്റ് ഹൗസിലെത്തിയത്.

ഞാന്‍ കുര്യന്റെ പേര് കേസിലെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ സിബി മാത്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കുര്യന്റെ പേര് പറയരുതെന്ന്  സിബി മാത്യൂസ് തന്നോട് ആവശ്യപ്പെട്ടിരുന്നു. സുകുമാരന്‍ നായരുടേത് കള്ളമൊഴിയാണ്.  കേസില്‍ കുര്യന് മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല. ഇത് എന്താണെന്ന് അറിയില്ലെന്നും ധര്‍മ്മരാജന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more