| Wednesday, 24th July 2024, 6:35 pm

സംവിധായകൻ എന്ന നിലയിൽ എന്നെ വലിയ തകർച്ചയിലേക്കെത്തിച്ച മോഹൻലാൽ ചിത്രമാണത്: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

സിനിമയുടെ കഥ പോലെ തന്നെ നിഗൂഢത ഒളിഞ്ഞിരിക്കുന്ന ചിത്രമാണ് ദേവദൂതനെന്നും ഇറങ്ങിയ സമയത്ത് തന്നെയും നിർമാതാവ് സിയാദ് കോക്കറിനെയും തകർച്ചയുടെ വക്കിൽ എത്തിച്ച സിനിമയാണ് ദേവദൂതനെന്നും സിബി മലയിൽ പറയുന്നു.

ഈ സമയത്താണ് ഇപ്പോഴത്തെ തലമുറയുടെ മുന്നിലേക്ക് ദേവദൂതൻ വീണ്ടുമെത്തണമെന്ന വിശ്വാസം തനിക്കുള്ളതെന്നും സിബി മലയിൽ പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വലിയൊരു മിസ്റ്ററി മൂടി നിൽക്കുന്ന സിനിമയാണ് ദേവദൂതൻ. നിർമാതാവ് സിയാദിനെ സംബന്ധിച്ച് ഒരു പ്രൊഡ്യൂസർക്കുണ്ടാവുന്ന ഏറ്റവും വലിയ നഷ്ടങ്ങളും ദുരിതങ്ങളും ഈ സിനിമ സമ്മാനിച്ചിട്ടുണ്ട്.

ഒരു സംവിധായകൻ എന്ന നിലയിൽ വലിയ തകർച്ചയിലേക്ക് എന്നെ കൊണ്ടുപോയ ഒരു സിനിമ കൂടിയാണ് ദേവദൂതൻ. പക്ഷെ എവിടെയോ എന്തൊക്കെയോ കരുതി വെച്ചിരിക്കുന്നു എന്ന പറയുന്ന പോലെ ആർക്കോ എന്തോ ആരോടോ പറയാനുണ്ട്.

ഈ സമയത്താണ് ഇപ്പോഴത്തെ തലമുറയിലേക്ക് ദേവദൂതൻ എത്തേണ്ടതെന്ന ഒരു ബോധ്യമാണ് അല്ലെങ്കിൽ ഒരു വിശ്വാസമാണ് എനിക്കിപ്പോൾ ഉള്ളത്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malyil About Failour Of Devadhoothan And Possibilities Of rerelease

We use cookies to give you the best possible experience. Learn more