തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഭരതം, സദയം തുടങ്ങി നിരവധി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. സിനിമയില്‍ എത്തിയതിന് ശേഷം ഒരു ഘട്ടത്തില്‍ എല്ലാം നിര്‍ത്താമെന്ന് തീരുമാനിച്ച സംഭവം പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍.
‘നവോദയ എപ്പോഴും പുതിയ ആള്‍ക്കാരെ കൊണ്ടുവരാന്‍ ശ്രമിക്കും. ഫാസിലിനെ കൊണ്ടുവന്നത് പോലെ എന്നെ കൊണ്ടുവരാനുള്ള പരിപാടിയിലായിരുന്നു. എഴുതാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടെന്നുള്ള തോന്നലില്‍ ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ ശ്രമിച്ചു. എന്നാല്‍ കഥ എഴുതി കഴിഞ്ഞപ്പോള്‍ അവരെ കാണിക്കാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായില്ല. വേറെ ആരേയേലും കൊണ്ടെഴുതിക്കാം എന്ന് പറഞ്ഞ് അന്വേഷിച്ച് എത്തിയതാണ് രഘുനാഥ് പാലേരിയിലേക്ക്.
കഥ പൂര്‍ത്തിയായി കഴിഞ്ഞ് കാസ്റ്റിങ്ങിനെ പറ്റി വരെ നമ്മള്‍ ചിന്തിച്ച് തുടങ്ങിയിരുന്നു. പ്രോജക്റ്റ് ഓണാകും എന്ന ഘട്ടം വന്നു. ഫൈനല്‍ അപ്പ്രൂവല്‍ അപ്പച്ചന്‍ സാറിന്റെ കയ്യില്‍ നിന്നുമാണ് വരേണ്ടത്. സ്‌ക്രിപ്റ്റ് വായിക്കാന്‍ മദ്രാസിലേക്ക് പോയി. മൂന്ന് ദിവസമായിട്ടും സ്‌ക്രിപ്റ്റ് വായന നടന്നില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ നമുക്ക് പിന്നെ വായിക്കാം. പോയ്‌ക്കോളാന്‍ പറഞ്ഞു. പിന്നെ അവര്‍ അടുത്ത പ്രോജക്റ്റ് സ്റ്റാര്‍ട്ട് ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ എന്നെ ഒഴിവാക്കിയതാണെന്ന് മനസിലായി.
ഞാന്‍ പിന്നെ സിനിമ വിട്ടു. ചേട്ടന്‍ കോയമ്പത്തൂരില്‍ ടാറിങ്ങ് വര്‍ക്ക് ഒക്കെ ചെയ്യുന്നുണ്ട്. ഞാനും അവിടെ വന്ന് സൂപ്പര്‍ വൈസറായി നിന്നോളാമെന്ന് പറഞ്ഞു. ശിരുവാണിയില്‍ നിന്നും കോയമ്പത്തൂര് വരെയാണ് റോഡ് പണി. രാവിലെ ആറ് മണിയുടെ വണ്ടിക്ക് പോയാലേ ശിരുവാണിയില്‍ എത്തൂ. രാവിലെ ആറ് മണിക്കൊന്നും ഭക്ഷണം കൊണ്ടുപോകാന്‍ പറ്റില്ല.
പണിക്കാര്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഞാന്‍ അടുത്തുള്ള കാട്ടിലേക്ക് കയറും, അവിടെ ഇരിക്കും. എന്റെ കൂടെ സിനിമയില്‍ കയറിയ ശങ്കറും മോഹന്‍ലാലും ലൈവായി നില്‍ക്കുന്നു, ഞാന്‍ ഈ കാടിന്റെ നടുക്കായി പോയല്ലോ എന്ന് മനസ്താപം ഉണ്ടായി. ചേട്ടന് മനസിലായി ഞാന്‍ ഭയങ്കര ഡിപ്രഷനിലായെന്ന്. പൂനെയില്‍ പോയി സിനിമ പഠിക്കണമോയെന്ന് ചോദിച്ചു. അതിനുള്ള സമയം കഴിഞ്ഞ് പോയി, ഇനി ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞു.
ആലപ്പുഴയില്‍ പോയപ്പോള്‍ നവോദയയുടെ സ്റ്റുഡിയോയില്‍ വെറുതെ പോയി. അന്ന് ഫാസിലിനെ കണ്ടപ്പോള്‍ സിനിമയിലേക്ക് വീണ്ടും വരാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് മാമാട്ടിക്കുട്ടിയമ്മയുടെ അസോസിയേറ്റ് ഡയറക്റ്ററായി ഞാന്‍ വീണ്ടും സിനിമയിലേക്ക് വരുന്നത്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: sibi malayil tells about the incident where he decided to stop cinema