| Sunday, 27th November 2022, 1:11 pm

മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയാവേണ്ടിയിരുന്നത് മഞ്ജു, ഷൂട്ട് തുടങ്ങിയ സമയത്താണ് കല്യാണം കഴിഞ്ഞത്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനായി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉസ്താദ്. ദിവ്യ ഉണ്ണിയും ഇന്ദ്രജയുമായിരുന്നു ചിത്രത്തില്‍ നായകമാരായത്. ദിവ്യ ഉണ്ണി അവതരിപ്പിച്ച മോഹന്‍ലാലിന്റെ പെങ്ങളുടെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ മഞ്ജു വാര്യരായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത് എന്ന് പറയുകയാണ് സിബി മലയില്‍. ഷൂട്ട് തുടങ്ങിയതിന് ശേഷമാണ് മഞ്ജു ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും സെന്‍സേഷന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സിബി പറഞ്ഞു.

‘ഉസ്താദില്‍ ദിവ്യ ഉണ്ണി ചെയ്ത കഥാപാത്രം അവതരിപ്പിക്കേണ്ടത് മഞ്ജു വാര്യറായിരുന്നു. മഞ്ജുവിനെയാണ് കാസ്റ്റ് ചെയ്തത്. മഞ്ജുവുമായി എല്ലാം സംസാരിച്ച് തീരുമാനിച്ചതായിരുന്നു. ഇതിന്റെ ആദ്യത്തെ ഷൂട്ട് ദുബായിലായിരുന്നു. ക്ലൈമാക്‌സായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. അന്ന് അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയുടെ ഷൂട്ടുമായി മോഹന്‍ലാല്‍ അന്നവിടെ ഉണ്ട്. ഞങ്ങള്‍ അങ്ങോട്ടേക്ക് ചെന്നാല്‍ മതി.

അയാള്‍ കഥയെഴുതുകയാണ് സിനിമയുടെ ഷൂട്ട് തീര്‍ന്ന് അടുത്ത ദിവസം ഉസ്താദിന്റെ ഷൂട്ട് തുടങ്ങി. അവിടുത്തെ ഷൂട്ടിനിടക്കാണ് മഞ്ജുവിന്റെ കല്യാണം കഴിഞ്ഞുവെന്ന കാര്യം അറിയുന്നത്. അപ്പോള്‍ പിന്നെ നമ്മളും കണ്‍ഫ്യൂഷനിലായി. ഇവിടെ വന്നു കഴിഞ്ഞപ്പോള്‍ ദിലീപും മഞ്ജുവും വിളിച്ചുപറഞ്ഞു, ഒന്ന് ഒഴിവാക്കണമെന്ന്. അവരുടെ പേഴ്‌സണല്‍ ലൈഫിന്റെ പ്രശ്‌നമായതുകൊണ്ട് അങ്ങനെ അങ്ങ് വിട്ടു. പിന്നെയാണ് ദിവ്യയിലേക്ക് പെട്ടെന്ന് പോകേണ്ടി വന്നത്,’ സിബി മലയില്‍ പറഞ്ഞു.

മോഹന്‍ലാലിനെ തന്നെ നായകനാക്കി സംവിധാനം ചെയ്ത ദശരഥത്തെ പറ്റിയും സിബി അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ‘ലോഹിതദാസ് തന്ന ധൈര്യത്തിലാണ് ആ ചിത്രം ചെയ്തത്. ലോഹി മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സമയത്ത് ഈ ചികിത്സാ രീതിയെ കുറിച്ചറിയാം. ഒരു കഥാകാരനാവുമ്പോള്‍ ചിന്തിക്കുമല്ലോ. സെമന്‍ ആരാണ് കൊടുത്തതെന്ന് അന്ന് ഡിസ്‌ക്ലോസ് ചെയ്യാന്‍ പറ്റില്ല. എവിടെയോ ജനിക്കുന്ന കുട്ടിക്ക് ഒരു അച്ഛനുണ്ടല്ലോ.

ഈ ചികിത്സാ രീതിയെ കുറിച്ച് എനിക്ക് അറിയില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അറിയില്ല. അതുകൊണ്ട് പെട്ടെന്ന് അതുമായി കണക്റ്റ് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ അതില്‍ പറയുന്നത് ബേസിക് ഹ്യൂമന്‍ ഇമോഷന്‍സ് തന്നെയാണ്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ ഇന്റന്‍സിറ്റിയാണ് പറയുന്നത്,’ സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

കൊത്താണ് ഒടുവില്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി, നിഖില വിമല്‍, റോഷന്‍ മാത്യൂസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Contenty Highlight: sibi malayil talks about usthad movie

We use cookies to give you the best possible experience. Learn more