മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം, ഭരതം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ ചെയ്ത സിബി മലയില്‍ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ്. മോഹന്‍ലാല്‍ എന്ന നടന്‍ അയാളുടെ 29ാം വയസില്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇന്നത്തെ കാലത്ത് ചെയ്യാന്‍ കഴിയുന്ന നടന്മാര്‍ ഇല്ലെന്ന് സിബി പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. രണ്ടുപേരും നല്ല ടാലന്റുള്ള ആളുകളാണെന്നും അവരെപ്പോലെ ദീര്‍ഘകാലം സിനിമയല്‍ നില്‍ക്കാന്‍ സാധ്യതയുള്ള നടന്മാര്‍ ഇനി ഉണ്ടാകില്ലെന്നും സിബി കൂട്ടിച്ചേര്‍ത്തു.
‘മമ്മൂട്ടിയെയും മോഹന്‍ലാലിനെപ്പോലെയും ദീര്‍ഘകാലം സിനിമയില്‍ നില്‍ക്കാന്‍ സാധ്യതയുള്ള നടന്മാര്‍ ഇനി ഉണ്ടാകില്ല. കാരണം അവരെപ്പോലെ ടാലന്റ് ഉള്ളവര്‍ ഇനി ഉണ്ടാകാന്‍ പോകുന്നില്ല. ഉദാഹരണം പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ അയാളുടെ 29-30 വയസില്‍ ചെയ്തുവെച്ച കിരീടം, ദശരഥം, ഭരതം പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇന്നത്തെ നടന്മാര്‍ക്ക് അവരുടെ 30ാം വയസില്‍ സാധിക്കില്ല. ആ പ്രായം കഴിഞ്ഞിട്ടാണ് അവര്‍ക്കൊക്കെ അത്തരം കഥാപാത്രങ്ങള്‍ കിട്ടുന്നത്.
എന്റെ സിനിമകളെ ഉദാഹരണമായി എടുത്തത് അയാളുടെ ആ പെര്‍ഫോമന്‍സുകള്‍ നേരിട്ട് കണ്ടതുകൊണ്ടാണ്. ആ സിനിമകളിലെ അയാളുടെ പെര്‍ഫോമന്‍സ് അതേ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്ന യുവനടന്മാര്‍ ഇന്നില്ല. ചിലപ്പോള്‍ ഫഹദിന് അതൊക്കെ സാധിക്കുമായിരിക്കും. അയാളുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ നമുക്ക് അത് മനസിലാകുമല്ലോ.
വേറൊരു കാര്യം അവര്‍ക്ക് അതുപോലെ ചെയ്യാന്‍ പറ്റുന്ന കഥകള്‍ അവരുടെ അടുത്തേക്ക് എത്താത്തതു കൊണ്ടാകാം. അങ്ങനെ കിട്ടുമ്പോള്‍ അവര്‍ ആ സിനിമക്ക് വേണ്ടി ഇടുന്ന എഫര്‍ട്ട് കാണുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ. അത്രയും കണ്ടന്റുള്ള, അത്രയും ഡെപ്തുള്ള കഥാപാത്രങ്ങള്‍ അവരിലേക്ക് എത്തിയാല്‍ ചെയ്യാന്‍ കഴിവുള്ളവരുണ്ടായിരിക്കും. പക്ഷേ ഈയൊരു പ്രായത്തില്‍ തന്നെ ഇയാള്‍ ഇതൊക്കെ ചെയ്തുപോയിരിക്കുന്നു, സിബി പറഞ്ഞു.
Content Highlight: Sibi Malayil talks about the characters of Mohanlal he played in his age of 29