ഹൃദയത്തെ പിടിച്ചുലച്ചു; നിഷ്‌കളങ്കത നിറഞ്ഞ കണ്ണുകളോടെ മമ്മൂട്ടി ചെയ്ത ആ രംഗം മറക്കാനാവില്ല: സിബി മലയില്‍
Entertainment
ഹൃദയത്തെ പിടിച്ചുലച്ചു; നിഷ്‌കളങ്കത നിറഞ്ഞ കണ്ണുകളോടെ മമ്മൂട്ടി ചെയ്ത ആ രംഗം മറക്കാനാവില്ല: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th September 2024, 5:42 pm

എ.കെ. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് തനിയാവര്‍ത്തനം. 1987ല്‍ ഈ സിനിമയില്‍ സ്‌കൂള്‍ അധ്യാപകനായ ബാലഗോപാലനായി എത്തിയത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന് പുറമെ തിലകന്‍, മുകേഷ്, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തിയത്.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായാണ് തനിയാവര്‍ത്തനത്തെ കണക്കാക്കുന്നത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ അതിലെ അഭിനയത്തെ കുറിച്ചും പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ചലച്ചിത്ര ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ സിനിമകളില്‍ ഒന്നാണ് തനിയാവര്‍ത്തനം. മമ്മൂട്ടിയുടെയും അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്ന് തനിയാവര്‍ത്തനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ആ സിനിമയില്‍ മമ്മൂട്ടി ബാലന്‍ മാസ്റ്റര്‍ എന്ന കഥാപാത്രത്തെയാണ് ചെയ്തത്.

ലോഹിതദാസ് എഴുതിയ കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ അല്ലെങ്കില്‍ എഴുതിയതിനേക്കാള്‍ മികവോടെ നമ്മളിലേക്ക് പകര്‍ന്നു തന്ന നടനാണ് മമ്മൂട്ടി. ആ സിനിമയിലെ അതിന്റെ അവസാന രംഗത്തെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ല.

അദ്ദേഹം മാനസിക രോഗിയെന്ന നിലയില്‍ ഷോക്ക് ട്രീറ്റ്‌മെന്റൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ് അത്. മെഡിക്കല്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞ് ആ കഥാപാത്രം അയാളുടെ വീട്ടിലെത്തി. അന്ന് അമ്മ അദ്ദേഹത്തിന് വിഷം കലര്‍ത്തിയ ചോറുരുട്ടി നല്‍കുന്ന ഒരു രംഗമുണ്ട്. അത് നമ്മുടെ എല്ലാവരുടെയും ഹൃദയത്തെ പിടിച്ചുലച്ച രംഗമാണ്.

അതില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ തിരിച്ചറിവിന്റെ ഒരു തിളക്കമുണ്ടായിരുന്നു. അമ്മ തനിക്ക് വിഷം കലര്‍ത്തിയ ചോറ് തന്നുകൊണ്ട് ഈ ദുരിതത്തില്‍ നിന്ന് വിടുവിക്കാനുള്ള ശ്രമമാണെന്ന് അയാള്‍ തിരിച്ചറിയും. ആ തിരിച്ചറിവ് മമ്മൂട്ടിയുടെ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞിരുന്നു.

ആ രംഗമെടുക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ ഒരു കാര്യമുണ്ട്. എഴുത്തുകാരന്‍ എഴുതി വെച്ചതിനും അപ്പുറത്തേക്ക് ആ സീനിനെ ഞാന്‍ കുറച്ച് കൂടെയൊന്ന് കടന്ന്, പുതിയ മാനത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും എന്നായിരുന്നു പറഞ്ഞത്. അമ്മ അയാളെ തന്റെ ദുരിതത്തില്‍ നിന്ന് വിടുവിക്കാനായിട്ട് ചോറ് ഉരുളയായി നല്‍കുകയാണ്.

ആ ചോറ് കഴിക്കുമ്പോള്‍ ആറാം മാസത്തിലെ ചോറൂണിന് അമ്മ ചോറുരുട്ടി തന്നപ്പോള്‍ വാ തുറന്ന അതേ നിഷ്‌കളങ്കത വേണം. ആ ഒരു മാനസികാവസ്ഥയിലാണ് കഴിക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ ആഗ്രഹിച്ചതിനും അപ്പുറത്തേക്ക് നിഷ്‌കളങ്കതയുള്ള കണ്ണുകളിലൂടെ മമ്മൂട്ടി ആ ചോറ് കഴിക്കുന്ന രംഗം ചെയ്തു. അത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Talks About Thaniyavarthanam Movie And Mammootty