ആ സീനില്‍ ഞാനും ലാലും അനുഭവിച്ചത് വലിയ സ്‌ട്രെയിന്‍; മുമ്പൊന്നും സിനിമകളില്‍ കണ്ടിട്ടില്ലാത്ത കാര്യം: സിബി മലയില്‍
Entertainment
ആ സീനില്‍ ഞാനും ലാലും അനുഭവിച്ചത് വലിയ സ്‌ട്രെയിന്‍; മുമ്പൊന്നും സിനിമകളില്‍ കണ്ടിട്ടില്ലാത്ത കാര്യം: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 7:52 am

എം.ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സദയം. ഇതില്‍ സത്യനാഥന്‍ എന്ന കഥാപാത്രമായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായാണ് സദയത്തെ കാണുന്നത്. മോഹന്‍ലാല്‍ എന്ന നടനെ വേണ്ട രീതിയില്‍ ഉപയോഗിച്ച ചിത്രം കൂടിയാണിത്.

ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങളെ കുറിച്ച് ഇന്നും ആളുകള്‍ സംസാരിക്കാറുണ്ട്. ആ ക്ലൈമാക്‌സ് കണ്ട് പ്രേക്ഷകര്‍ കടന്നു പോയ അതേ സ്‌ട്രെസിലൂടെ, സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ സംവിധായകനും നടനുമൊക്കെ കടന്ന് പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിബി മലയില്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘തീര്‍ച്ചയായും കടന്നു പോയിട്ടുണ്ട്. ആ കുട്ടികളെ കൊല്ലുന്ന സീനൊക്കെ ചെയ്യുമ്പോള്‍ ഞാനും ലാലുമൊക്കെ വളരെ സ്‌ട്രെയിന്‍ അനുഭവിച്ചിരുന്നു. മുമ്പ് സിനിമകളില്‍ കണ്ടിട്ടില്ലാത്ത ഒരു കാര്യമായിരുന്നു അത്. നായകന്‍ രണ്ടു കുട്ടികളെ കൊല്ലുകയാണ് ഇവിടെ. അങ്ങനെയുള്ള വേറെ കഥ ആ സമയത്ത് നമ്മള് കേട്ടിട്ടില്ല.

ആ സമയത്ത് നായകന് കടന്നു പോകുന്ന മാനസികാവസ്ഥയും അത് ഷൂട്ട് ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഉണ്ടാകുന്ന സ്‌ട്രെയിനുമൊക്കെ വളരെ വലുതായിരുന്നു. നാല് രാത്രികള്‍ കൊണ്ടാണ് ഞാന്‍ ആ ഭാഗം ഷൂട്ട് ചെയ്തത്. കൃത്യമായ ഓര്‍ഡറിലാണ് ഷൂട്ടിങ്ങ് നടന്നത്. അങ്ങനെ ഓര്‍ഡറില്‍ ഷൂട്ട് ചെയ്യാന്‍ ഒരു കാരണമുണ്ടായിരുന്നു. ഈ കഥാപാത്രം ഓരോ ഘട്ടങ്ങളിലും വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്.

ഓര്‍ഡറില്‍ അല്ലാതെ അവിടെയും ഇവിടെയുമായി എടുത്താല്‍ ആക്ടറിന് അത് ഫോളോ ചെയ്യാന്‍ കഴിയാതെ വരും. ലാല് ചിലപ്പോള്‍ ഓര്‍ഡറില്‍ അല്ലാതെ ചെയ്യുമായിരിക്കും. പക്ഷെ എനിക്ക് അയാളില്‍ വേണ്ട ഒരു ഗ്രോത്തുണ്ട്. ഓരോ കുട്ടികളെയും കൊല്ലുമ്പോള്‍ ആ കഥാപാത്രത്തിന് ഉണ്ടാകേണ്ട ഒരു പരിണാമമുണ്ട്. നോര്‍മാലിറ്റിയില്‍ നിന്ന് അയാള്‍ ഒരു എക്‌സെന്‍ട്രിസിറ്റിയുടെ ഹൈറ്റിലേക്ക് പോകുന്ന യാത്രയുണ്ട്,’ സിബി മലയില്‍ പറയുന്നു.


Content Highlight: Sibi Malayil Talks About Sadhayam Movie