മോഹന്‍ലാല്‍ എന്ന നടനെ വേണ്ട രീതിയില്‍ ഉപയോഗിച്ച ചിത്രങ്ങളില്‍ ഒന്നാണ് സദയം. എം.ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. സത്യനാഥന്‍ എന്ന കഥാപാത്രമായിട്ടാണ് സദയത്തില്‍ മോഹന്‍ലാല്‍ എത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായാണ് സദയത്തെ കാണുന്നത്. ഇപ്പോള്‍ എം.ടിയെ കുറിച്ചും താന്‍ ആ സിനിമ ചെയ്തതിനെ കുറിച്ചും പറയുകയാണ് സിബി മലയില്‍. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എം.ടി. സാര്‍ വളരെ ഉയരത്തിലുള്ള ആളാണ്. നമ്മളുടെ മുന്നില്‍ അദ്ദേഹം ചെയ്ത് വെച്ച കുറേ കഥകളുണ്ട്, അത് ചെയ്ത കുറേ സംവിധായകരുമുണ്ട്. ആ കൂട്ടത്തിലേക്ക് എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ഭയം ഉണ്ടായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ച് അപ്രോച്ച് ചെയ്ത ഒരു സിനിമയാണ് സദയം. എനിക്ക് അദ്ദേഹം ലൊക്കേഷനില്‍ വന്നാല്‍ വലിയ ടെന്‍ഷനാണ്. ചിലപ്പോള്‍ മാത്രമേ അദ്ദേഹം ലൊക്കേഷനില്‍ വരാറുള്ളു. കോഴിക്കോട് ഷൂട്ട് ചെയ്യുമ്പോള്‍ ഒരു മണിക്കൂറൊക്കെ അദ്ദേഹം വന്നിട്ട് പോകും.
സാര്‍ വരുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരിയാകുന്നുണ്ടോ എന്ന ചിന്തയാകും. അദ്ദേഹം അടുത്ത് നിന്ന് കാണുകയല്ലേയിത്. ഞാന്‍ മണ്ടത്തരമാണോ കാണിക്കുന്നതെന്ന പേടിയും ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഒന്നും പറയാറില്ല. സിനിമയില്‍ കുട്ടികളെ കൊല്ലുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അത് വളരെ ടഫ് ആയിട്ടുള്ള സീന്‍ ആയിരുന്നു. എന്റെ കരിയറിലെ ഏറ്റവും ചാലഞ്ചിങ്ങായ അല്ലെങ്കില്‍ വെല്ലുവിളിയായ ഒരു സീക്വന്‍സായിരുന്നു അത്. ആ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ഓവര്‍ ഇന്‍വോള്‍വ്ഡായി ഓവറാക്കി ചെയ്‌തോയെന്ന് സംശയം ഉണ്ടായിരുന്നു.
ഞാന്‍ അദ്ദേഹം എഴുതി വെച്ചതിന്റെ മുകളില്‍ ചെയ്‌തോയെന്ന് തോന്നി. അദ്ദേഹം എഴുതി വെച്ചിട്ടില്ലാത്ത കുറേ കാര്യങ്ങള്‍ ഞാന്‍ ആഡ് ഓണ്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ മുഖത്തേക്ക് പെയിന്റ് തേക്കുന്നതൊക്കെ അപ്പോള്‍ വന്നതായിരുന്നു. മുമ്പ് പ്ലാന്‍ ചെയ്തതില്‍ ഇല്ലായിരുന്നു. ചെയ്ത് വരുമ്പോള്‍ അങ്ങനെ വന്നതാണ്. പക്ഷെ സീന്‍ ചെയ്ത് വന്നപ്പോള്‍ കുറച്ച് കൂടി പോയോയെന്ന് എനിക്ക് തന്നെ തോന്നി. സാര്‍ ഇത് കാണുമ്പോള്‍ എന്ത് പറയുമെന്ന് ആലോചിച്ചു,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Sadhayam Movie