| Thursday, 8th August 2024, 7:28 pm

ദേവദൂതനെ പോലെ ആ രണ്ട് ലാല്‍ ചിത്രങ്ങളും റീ റിലീസിന് സാധ്യതയുണ്ട്; കള്‍ട്ട് ക്ലാസിക്കുകളാണത്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയില്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദേവദൂതന്‍. ഈ സിനിമ ഈയിടെ റീ റിലീസ് ചെയ്തിരുന്നു. ദേവദൂതനെ പോലെ വീണ്ടും തിയേറ്ററില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സിനിമ ഏതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിബി മലയില്‍. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തന്നെ മോഹന്‍ലാല്‍ ചിത്രങ്ങളായ ദശരഥവും സദയവും റീ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് സിബി മലയില്‍ പറയുന്നത്.

‘പണ്ട് ആളുകള്‍ക്ക് തിയേറ്ററില്‍ കാണാന്‍ സാധിക്കാതെ പോയ സിനിമകളാണ് വീണ്ടും തിയേറ്ററില്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ദേവദൂതനെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയാണ്. എന്നാല്‍ അന്ന് സക്‌സസായ സിനിമകള്‍ ഇന്ന് റീ റിലീസായത് കൊണ്ട് കാര്യമല്ല. കാരണം ആ സിനിമകളൊക്കെ അന്നും ഇന്നും വളരെ പോപ്പുലറായ സിനിമയാണ്. അന്നേ തന്നെ ഹൈപ്പുണ്ടായ സിനിമകളാണ് ഇതൊക്കെ.

അതേസമയം അന്ന് പ്രധാനമായും സ്വീകരിക്കപ്പെടാതെ പോയത് രണ്ടു സിനിമകളാണ്. ഒന്ന് ദശരഥമാണ്. മറ്റൊന്ന് സദയമാണ്. ഈ രണ്ട് സിനിമകളും പിന്നീട് കള്‍ട്ട് ക്ലാസിക് എന്ന രീതിയിലേക്ക് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പുതിയ തലമുറ ഈ സിനിമകളെ നന്നായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സിനിമകളാണ് ഇനി റീ റിലീസ് ചെയ്യാന്‍ സാധ്യതയുള്ളത്. പക്ഷെ അത് എത്രത്തോളം സാധ്യമാകും എന്ന് അറിയില്ല. അതിന് ഒരുപാട് സാങ്കേതികമായ പരിമിതികളുണ്ട്.

ഇപ്പോള്‍ ദേവദൂതന്റെയൊക്കെ സക്‌സസ് കണ്ടിട്ട് ഒരുപാട് ആളുകള്‍ ഇപ്പോള്‍ റീമേക്കിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. അത് നല്ല ക്വാളിറ്റിയില്‍ ചെയ്യാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം എന്റെ സിനിമകളായ സദയവും ദശരഥവും ഉള്‍പ്പെടെ ദേവദൂതന്റേത് പോലെയുള്ള ക്വാളിറ്റിയില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണ്. ദേവദൂതന്റെ ക്വാളിറ്റി ശരിക്കും ഒരു ബെഞ്ച് മാര്‍ക്കാണ്,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Talks About Sadayam And Dasharatham Movie

We use cookies to give you the best possible experience. Learn more