| Friday, 26th July 2024, 12:17 pm

അങ്ങനെ ഭയപ്പെടുന്ന ആളല്ല ലാല്‍; എന്നിട്ടും എന്നോടിത് പറയാതെ ഇരിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ എന്ന നടനെ വേണ്ട രീതിയില്‍ ഉപയോഗിച്ച ചിത്രങ്ങളില്‍ ഒന്നാണ് സദയം. എം.ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. സത്യനാഥന്‍ എന്ന കഥാപാത്രമായിട്ടാണ് സദയത്തില്‍ മോഹന്‍ലാല്‍ എത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായാണ് സദയത്തെ കാണുന്നത്.

ഈ സിനിമക്കായി കണ്ണൂര്‍ ജയില്‍ കാണാന്‍ പോയതും അവിടെ വെച്ച് റിപ്പര്‍ ചന്ദ്രനെ കണ്ടതിനെ കുറിച്ചും പറയുകയാണ് സിബി മലയില്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. അയാളുടെ സെല്ലിലായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് നടന്നതെന്നും അദ്ദേഹം പറയുന്നു. റിപ്പര്‍ ചന്ദ്രനെ കുറിച്ച് പറഞ്ഞപ്പോഴുള്ള മോഹന്‍ലാലിന്റെ പ്രതികരണത്തെ കുറിച്ചും സിബി മലയില്‍ സംസാരിച്ചു.

‘ഷൂട്ടിന് മുമ്പ് എഴുത്തിന്റെ ഒരു ഘട്ടത്തില്‍ ഞാനും എം.ടി. സാറും ചേര്‍ന്ന് കണ്ണൂര്‍ ജയിലില്‍ പോയി. ജയിലിന് അകത്തുള്ള കാര്യങ്ങള്‍ അടുത്ത് നിന്ന് കാണുന്നത് നല്ലതാകും എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെയും കൊണ്ട് അവിടേക്ക് പോകുന്നത്. അവിടെ ചുറ്റുമായി വലിയ ബ്ലോക്കുകളാണ്. നടുക്ക് പ്രത്യേകമായ ഒരു ഭാഗമുണ്ട്. ജയിലിന് അകത്തെ ജയില് പോലെയാണ് അത്. അവിടെ വധശിക്ഷക്ക് വിധിക്കപ്പെട്ട ആളുകള്‍ക്ക് മാത്രമായി സെല്ലുകള്‍ ഉണ്ടായിരുന്നു. മറ്റ് ജയില്‍പ്പുള്ളികളുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല.

അന്ന് ഞാനും എം.ടി. സാറും അവിടെ പോയപ്പോള്‍ ജയിലറാണ് ഞങ്ങളെ ആ സ്ഥലമൊക്കെ കാണിച്ചു തരാനായി കൂടെ വന്നത്. ഈ സെല്ലിന് അടുത്ത് ഒരു ഗാര്‍ഡന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അന്ന് അവിടേക്ക് ചെല്ലുമ്പോള്‍ ചെടികള്‍ നനച്ച് കൊണ്ട് പൊക്കമില്ലാത്ത ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ജയില്‍പ്പുള്ളിയുടെ വേഷത്തിലാണ് അയാള്‍ നില്‍ക്കുന്നത്. ഞങ്ങള്‍ അടുത്തേക്ക് എത്താറായതും ജയിലര്‍ അയാളെ സെല്ലിന് അകത്തേക്ക് കയറ്റാന്‍ വിളിച്ചു പറഞ്ഞു.

അവര്‍ അയാളെ സെല്ലില്‍ കൊണ്ടുപോയി അടച്ചു. അത് അവിടെ ഏറ്റവും അറ്റത്തായുള്ള സെല്ലായിരുന്നു. അയാളാണ് റിപ്പര്‍ ചന്ദ്രന്‍ എന്ന് ജയിലര്‍ ഞങ്ങളോട് പറഞ്ഞു. അന്ന് കുപ്രസിദ്ധനായ ഒരു സീരിയല്‍ കില്ലറായിരുന്നു അയാള്‍. തന്റെ വധശിക്ഷക്ക് എതിരെ രാഷ്ട്രപതിയുടെ അടുത്ത് ദയാഹരജി കൊടുത്തിരിക്കുകയാണ് അയാളെന്നും ജയിലര്‍ പറഞ്ഞു. ഞങ്ങള്‍ അവിടെ ജയില് കണ്ട് അന്ന് തിരികെ വന്നു.

ഒരു മാസം കഴിഞ്ഞ് അവിടെ ഷൂട്ടിങ്ങിന് പോകുന്നതിന്റെ ഇടയില്‍ ഒരിക്കല്‍ അയാളെ കുറിച്ച് പത്രവാര്‍ത്ത കണ്ടിരുന്നു. ദയാഹരജി തള്ളുകയും റിപ്പര്‍ ചന്ദ്രനെ തൂക്കി കൊല്ലുകയും ചെയ്തു എന്നായിരുന്നു ആ വാര്‍ത്ത. പിന്നീട് ഷൂട്ടിങ്ങില്‍ ലാലിന് വേണ്ടി ഞാന്‍ ഉപയോഗിച്ചത് ഇതേ സെല്ല് തന്നെയായിരുന്നു.

അന്ന് ആ സെല്ല് ഉപയോഗിക്കാന്‍ കാരണമുണ്ടായിരുന്നു. പ്രധാന ഗേറ്റും കടന്ന് ആദ്യം എത്തുന്ന അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സെല്ലായിരുന്നു അത്. സിനിമയിലെ കഥാപാത്രങ്ങള്‍ അങ്ങോട്ട് പോകുകയും വരികയും ചെയ്യുമ്പോള്‍ ഒരുപാട് ദൂരം നടന്ന് സമയം പോകാതെയിരിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് അവിടെ ഇരിക്കുമ്പോള്‍ ഞാന്‍ ലാലിനോട് ഈ കാര്യം പറഞ്ഞു.

അപ്പോള്‍ ലാല്‍ ചോദിച്ചത് ‘എന്തിനാണ് അത് എന്നോട് പറഞ്ഞത്’ എന്നായിരുന്നു. അന്ന് വന്നപ്പോള്‍ അയാളെ കണ്ടിരുന്നു. ആ സെല്ല് ഉപയോഗിക്കുന്നത് കൊണ്ട് പറഞ്ഞതാണെന്ന് ഞാന്‍ മറുപടിയും നല്‍കി. ‘തനിക്ക് ഇത് എന്നോട് പറയാതിരിക്കാമായിരുന്നില്ലേ’ എന്ന് ലാല്‍ ചോദിച്ചു. ഈ കാര്യം അന്ന് ലാലിന്റെ മനസില്‍ ഉണ്ടായിരുന്നു. അങ്ങനെയൊന്നും ഭയപ്പെടുന്ന ആളായിരുന്നില്ല ലാല്‍.

എങ്കിലും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവിടെ ഒരാള്‍ ജീവിച്ചിരുന്നുവെന്നും അയാള്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയായിരുന്നു എന്നുമൊക്കെയുള്ള ചിന്തയായിരുന്നു ലാലിന്. നമുക്ക് ആര്‍ക്കാണെങ്കിലും ഉള്ളില്‍ തോന്നാവുന്ന ഫീലായിരുന്നു അത്. ഷൂട്ട് ചെയ്യുമ്പോള്‍ പലപ്പോഴും ലാലിനെ അതിന്റെ അകത്ത് നിര്‍ത്തി ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ലാല്‍ അകത്തും ഞങ്ങള്‍ ആ സെല്ലിന് പുറത്തുമാണ് ഉണ്ടാവുക,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Talks About Ripper Chandran And Mohanlal

We use cookies to give you the best possible experience. Learn more