| Saturday, 28th September 2024, 2:09 pm

അന്നത്തെ മമ്മൂട്ടി സിനിമകള്‍ പൈങ്കിളി സ്വഭാവമുള്ളത്; ആ പടം നെഗറ്റീവായതോടെ അദ്ദേഹം അപ്‌സെറ്റായി: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയില്‍. ഇപ്പോള്‍ മമ്മൂട്ടിയുടെ ആദ്യ കാല സിനിമകളെ പറ്റി പറയുകയാണ് അദ്ദേഹം. മമ്മൂട്ടിയെ ‘മമ്മൂട്ടി കുട്ടി പെട്ടി’യെന്ന് പറഞ്ഞ് കളിയാക്കുന്ന ഒരു സമയമുണ്ടായിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്.

ഫാമിലി മാനായി അത്യാവശ്യം പൈങ്കിളി സെന്റിമെന്റ്‌സും മറ്റുമുള്ള സിനിമകളാണ് മമ്മൂട്ടി അന്ന് കൂടുതലും ചെയ്തിരുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ചക്കരയുമ്മ പോലെയുള്ള ചില സിനിമകള്‍ ഹിറ്റായതോടെയാണ് അത്തരം സിനിമകള്‍ ആവര്‍ത്തിക്കപ്പെടാന്‍ തുടങ്ങിയതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയെ ‘മമ്മൂട്ടി കുട്ടി പെട്ടി’ എന്ന് പറഞ്ഞ് കളിയാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. പ്രത്യേകിച്ച് അന്ന് എറണാകുളം ബെല്‍റ്റെന്ന് പറഞ്ഞുള്ള ഒരു സങ്കല്‍പ്പമുള്ള സമയമായിരുന്നു. അവിടെ നിന്നുള്ള കുറേ എഴുത്തുകാരും സംവിധായകരുമുള്ള കൂട്ടുകെട്ടിലായിരുന്നു മമ്മൂട്ടി അന്ന് കൂടുതലും അഭിനയിച്ചിരുന്നത്.

ഫാമിലി മാനായി അത്യാവശ്യം പൈങ്കിളി സെന്റിമെന്റ്‌സും മറ്റുമുള്ള സിനിമകളാണ് മമ്മൂട്ടി അന്ന് കൂടുതലും ചെയ്തിരുന്നത്. ‘രാരീരം’ പോലെയുള്ള സിനിമകളില്‍ ഡീപ് സെന്റിമെന്റ്‌സായിരുന്നു. ആ സിനിമകള്‍ക്കൊക്കെ ഒരു പൈങ്കിളി സ്വഭാവമുണ്ടായിരുന്നു. ആ സമയത്ത് ഒരുപാട് സിനിമകള്‍ അങ്ങനെയുള്ളവയായിരുന്നു.

അതില്‍ ചക്കരയുമ്മ പോലെയുള്ള കുറേയെണ്ണം ഹിറ്റായിരുന്നു. അങ്ങനെ ഹിറ്റായി കഴിഞ്ഞപ്പോഴാണ് അത്തരം സിനിമകള്‍ ആവര്‍ത്തിക്കപ്പെടാന്‍ തുടങ്ങിയത്. അതെല്ലാം മമ്മൂട്ടി ചെയ്യേണ്ട സാഹചര്യം വന്നു. നമ്മള്‍ അറിയാതെ ചിലപ്പോള്‍ ഒരു ട്രാപ്പില്‍ ചെന്ന് പെട്ടുപോകും. മമ്മൂട്ടി അപ്പോള്‍ അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു.

ഒരിക്കല്‍ എന്റെ സിനിമയുടെ ഷൂട്ടിങ് നടക്കവെ മമ്മൂട്ടിയുടെ ഒരു പടം തിയേറ്ററില്‍ വരികയും അത് വലിയ രീതിയില്‍ നെഗറ്റീവാകുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം ഒരുപാട് അപ്‌സെറ്റായത് ഞാന്‍ ഓര്‍ക്കുന്നു. അതിന് ശേഷമാണ് തനിയാവര്‍ത്തനത്തിലേക്ക് എത്തുന്നത്,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Talks About Old Mammootty Movies

We use cookies to give you the best possible experience. Learn more