നെടുമുടി വേണു വിട പറഞ്ഞതോടെ ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സാധ്യത ഇല്ലാതെയായി: സിബി മലയില്‍
Entertainment
നെടുമുടി വേണു വിട പറഞ്ഞതോടെ ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സാധ്യത ഇല്ലാതെയായി: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th July 2024, 9:30 pm

എ.കെ. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദശരഥം. 1989ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ടില്‍ എത്തിയ മികച്ച ചിത്രമായാണ് കാണുന്നത്. ഒപ്പം ലോഹിതദാസ് – സിബി മലയില്‍ കൂട്ടുകെട്ടിന്റെ മികച്ച ചിത്രമായും ദശരഥത്തെ കാണുന്നു. മോഹന്‍ലാലിന് പുറമെ രേഖ, മുരളി, നെടുമുടി വേണു, സുകുമാരന്‍, കരമന ജനാര്‍ദനന്‍ നായര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. ലളിത, ജയഭാരതി തുടങ്ങിയ മികച്ച താരനിര തന്നെ ദശരഥത്തിനായി ഒന്നിച്ചിരുന്നു.

മസാ മുല്‍ഗ എന്ന പേരില്‍ മറാത്തിയില്‍ ഔദ്യോഗികമായി ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടെയാണ് ദശരഥം. ഇനി എന്നെങ്കിലും ഈ സിനിമയുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിബി മലയില്‍. ദശരഥത്തിന് രണ്ടാം ഭാഗം കൊണ്ടുവരുന്നതിന്റെ സാധ്യത വളരെ പരിമിതമാണെന്നാണ് സംവിധായകന്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ നെടുമുടി വേണുവിന് വലിയ റോളുണ്ടെന്നും അദ്ദേഹം മോഹന്‍ലാലിന്റെ കൂടെ സഞ്ചരിക്കുന്ന വളരെ പ്രധാനപ്പെട്ട കഥാപാത്രമാണെന്നും സിബി മലയില്‍ പറയുന്നു.

‘ഇനി ആ സിനിമയ്ക്ക് രണ്ടാം ഭാഗം കൊണ്ടുവരുന്നതിന്റെ സാധ്യത വളരെ പരിമിതമാണ്. ആ സ്‌ക്രിപ്റ്റില്‍ നെടുമുടി വേണുവിന് വലിയ റോളുണ്ട്. ലാലിന്റെ കൂടെ സഞ്ചരിക്കുന്ന വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. കാരണം ആദ്യ ഭാഗത്തില്‍ ലാലും നെടുമുടി വേണുവിന്റെ കഥാപാത്രവും തമ്മില്‍ വലിയ ബോണ്ടിങ്ങ് ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ കഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ നെടുമുടി വേണു വലിയ പാര്‍ട്ടാണ്.

അദ്ദേഹം ആ സമയത്ത് ഈ കഥ കേട്ടപ്പോള്‍ എന്റെയടുത്ത് വലിയ താത്പര്യത്തില്‍ ഇത് ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം വിട പറഞ്ഞ സമയത്ത് അതിന്റെ സാധ്യത ഇല്ലാതെയായി. പിന്നെ എന്നെങ്കിലും ലാലിന്റെ ഭാഗത്ത് നിന്ന് ഒരു കണ്‍സെന്റ് ഉണ്ടാകുകയാണെങ്കില്‍ മറ്റൊരു രീതിയില്‍ ആ കഥയെ റീവര്‍ക്ക് ചെയ്ത് എടുക്കേണ്ടി വരും. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലാലിന്റെ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതം എവിടെ നില്‍ക്കുന്നു എന്നതാകും ആ കഥ,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Talks About Nedumudi Venu And Dasaratham Movie