2001ല്‍ കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്ടം. ഈ സിനിമയിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച താരമാണ് നവ്യ നായര്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ്, നെടുമുടി വേണു ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് മുന്നില്‍ പോലും പിടിച്ചു നില്‍ക്കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് നവ്യ നടത്തിയത്.
അന്ന് താരത്തിന്റെ പ്രായം പതിനാറായിരുന്നു. എന്തുകൊണ്ടാണ് നവ്യയെ ഈ സിനിമയില്‍ നായികയായി തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിബി മലയില്‍. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘ആ സിനിമയില്‍ നായികയായി ഒരു പുതിയ ആള്‍ വേണമെന്ന ചിന്ത ആദ്യമേ തന്നെ ഉണ്ടായിരുന്നു. അതിന് വേണ്ടി ഒരു ഓഡിഷനൊക്കെ നടത്തിയിരുന്നു. അതില്‍ പങ്കെടുക്കാന്‍ ഒരുപാട് ആളുകള്‍ വന്നിരുന്നു. ഭാവനയും ഓഡിഷന് വന്നവരില്‍ ഉണ്ടായിരുന്നു. പക്ഷെ നവ്യയെ നമ്മള്‍ കാണുന്നത് മലയാള മനോരമയുടെ മാഗസിനിലെ കവറില്‍ നിന്നാണ്.
അന്നത്തെ എന്റെ പ്രൊഡക്ഷന്‍ മാനേജറാണ് ഇങ്ങനെയൊരു പെണ്‍കുട്ടിയുടെ പടം കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ ആ മാഗസിന്‍ കാണിക്കുന്നത്. മാഗസിന്‍ കവര്‍ കണ്ടതോടെ ഈ കുട്ടി എവിടെയാണെന്ന് അന്വേഷിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മനോരമയിലേക്ക് വിളിക്കുകയും ഹരിപ്പാടുള്ള കുട്ടിയാണ് അതെന്ന് അറിയുകയും ചെയ്തു. ആ കുട്ടിയെ വിളിച്ചു വരുത്തി നേരില്‍ കണ്ടു. എന്തെങ്കിലും പെര്‍ഫോം ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഒരു തമിഴ് ആക്ട് ആയിരുന്നു ചെയ്തത്.
ആ കുട്ടി യൂത്ത് ഫെസ്റ്റിവലിനോ മറ്റോ പ്രൈസ് വാങ്ങിയ തമിഴ് സ്‌ക്കിറ്റായിരുന്നു അത്. അന്ന് ഗംഭീരമായി ചെയ്തിരുന്നു. അതില്‍ നിന്ന് തന്നെ ആ കുട്ടിയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായി. അങ്ങനെയാണ് നവ്യയെ ഇഷ്ടത്തില്‍ നമ്മള്‍ കാസ്റ്റ് ചെയ്തത്. അന്ന് ആ കുട്ടിക്ക് പതിനാറ് വയസായിരുന്നു എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞിട്ടോ മറ്റോ ഉണ്ടായിരുന്നുള്ളു,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Navya Nair