| Tuesday, 6th August 2024, 3:29 pm

നീ സ്‌ക്രിപ്റ്റ് ചോദിക്കാനായോ എന്ന ചോദ്യം ഭയന്നു; ഒടുവില്‍ അദ്ദേഹത്തിന്റെ കഥ എന്നെ തേടിയെത്തി: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയില്‍. ഒരു സിനിമയും അതിലെ കഥാപാത്രങ്ങളും വിജയിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് മൊത്തം ലഭിക്കുന്നത് അതിന്റെ എഴുത്തുകാരനാണെന്ന് പറയുകയാണ് അദ്ദേഹം. എഴുത്തുകാരനാണ് ആ കഥാപാത്രത്തെ സൃഷ്ടിക്കുന്നതെന്നും അയാളുടെ മനസിലാണ് ആ കഥാപാത്രം രൂപപ്പെടുന്നതെന്നും സംവിധായകന്‍ പറയുന്നു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍. ലോഹിതദാസിനും തനിക്കും ഇടയിലുള്ള കെമിസ്ട്രിയെ കുറിച്ചും എം.ടിയെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഒരു സിനിമയും അതിലെ കഥാപാത്രങ്ങളും വിജയിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് മൊത്തം പോകുന്നത് അതിന്റെ എഴുത്തുകാരനാണ്. കാരണം അയാളാണ് ആ കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. അയാളുടെ മനസിലാണ് ആ കഥാപാത്രം രൂപപ്പെടുന്നത്. ഞാനും ലോഹിയും തമ്മിലൊരു കെമിസ്ട്രിയുണ്ട്. അദ്ദേഹം കാണുന്നതിനെ എനിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.

എന്റെ പ്രശ്‌നം എന്നെ ചാലഞ്ച് ചെയ്യുന്ന ഒരു സിനിമ വന്നാല്‍ ഞാന്‍ അതിന്റെ മുകളില്‍ കയറാന്‍ ശ്രമിക്കും എന്നതാണ്. അതൊരു നെഗറ്റീവായിട്ടല്ല ഞാന്‍ കാണുന്നത്. അയാള്‍ ചെയ്തതിന്റെ ഏറ്റവും നല്ല വേര്‍ഷന്‍ എനിക്ക് തിരികെ കൊടുക്കണം. അപ്പോഴാണ് അയാളുടെ എഴുത്തിനോട് എനിക്ക് റെസ്‌പെക്ട് ഉണ്ടാകുന്നത്. കാരണം ലോഹി ചെയ്തതിനെ ഞാന്‍ മോശമാക്കിയാല്‍ അതിന്റെ കേട് അയാള്‍ക്ക് കൂടെയാണ്.

എഴുത്തുകാരന്റെ മുകളില്‍ കയറി നിന്ന് സിനിമ ചെയ്യുമ്പോഴാണ് അത് ഒരു സംവിധായകന്റെ സിനിമയായി മാറുന്നത്. എഴുതുമ്പോള്‍ അത് എഴുത്തുകാരന്റെ സിനിമയാണ്, പക്ഷെ അവസാനം അത് സംവിധായകനിലൂടെയാണ് ആളുകള്‍ കാണുന്നത്. അതിലേക്ക് എത്തിപ്പെടുക എന്നത് വലിയ ചാലഞ്ച് തന്നെയാണ്. അങ്ങനെ എത്താന്‍ കഴിയാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ അതിന് കഴിയാതെ പോയിട്ടുമുണ്ട്.

മലയാളത്തിലെ എല്ലാ സംവിധായകരുടെയും സ്വപ്‌നമാണ് എം.ടി. സാറിന്റെ സ്‌ക്രിപ്റ്റ് ചെയ്യുകയെന്നത്. പക്ഷെ എനിക്ക് അദ്ദേഹത്തോട് അത് പോയി ചോദിക്കാന്‍ മടിയായിരുന്നു. അതിനുള്ള കഴിവ് എനിക്കായോ എന്ന ഒരു ചിന്തയും എനിക്ക് ഉണ്ടായിരുന്നു. ഹരിഹരന്‍ സാറിനെയും ശശിയേട്ടനെയും പോലെയുള്ള വലിയ ആളുകള്‍ എം.ടി. സാറിന്റെ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അതിന് മാത്രമൊക്കെ ആയോയെന്ന് ചിന്തിച്ചു. നീ എന്നോട് സ്‌ക്രിപ്റ്റ് ചോദിക്കാന്‍ ആയോ എന്ന് അദ്ദേഹത്തിന്റെ ഉള്ളില്‍ തോന്നിയാലോയെന്ന് കരുതി ഞാന്‍ സാറിന് അടുത്തേക്ക് പോയില്ല. പക്ഷെ അദ്ദേഹത്തിന്റെ കഥ എന്റെയടുത്തേക്ക് വന്നതായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Talks About MT Vasudevan Nair

We use cookies to give you the best possible experience. Learn more