കാലം തെറ്റിയിറങ്ങിയ ചിത്രമെന്ന് പലരും വിശേഷിപ്പിച്ച സിനിമയാണ് 2000ത്തില്‍ പുറത്തിറങ്ങിയ ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാല്‍ ഈ സിനിമയെ അന്നത്തെ കാലത്ത് പ്രേക്ഷകര്‍ കൈയൊഴികയാണുണ്ടായത്.
ദേവദൂതന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തിയിരുന്നു. ഈ സിനിമയുടെ റിലീസിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് സിബി മലയില്‍. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാലിനോട് ആദ്യമായി ദേവദൂതന്റെ റീ-റിലീസിനെ കുറിച്ച് പറയുന്നത് പ്രൊഡക്ഷന്‍ ടീമില്‍ നിന്നാണ്. അപ്പോള്‍ തന്നെ ലാല്‍ എന്നെ വിളിച്ചിട്ട് ഇങ്ങനെയൊന്ന് കേട്ടല്ലോ എന്ന് ചോദിച്ചു. ശരിയാണെന്ന് പറഞ്ഞതോടെ നടക്കട്ടേ എന്നായിരുന്നു ലാലിന്റെ മറുപടി. ഇന്ന് രാവിലെയും എന്നെ വിളിച്ചിരുന്നു. അദ്ദേഹം ഗുജറാത്തിലാണ് ഉള്ളത്. മൂന്ന് ദിവസം മഴയായത് കാരണം ഷൂട്ടിങ്ങ് നിര്‍ത്തി നില്‍ക്കുകയാണെന്ന് പറഞ്ഞു. പൃഥ്വിരാജിന്റെ എമ്പുരാന്‍ എന്ന സിനിമയായിരുന്നു അത്.
എങ്ങനെയാണ് ഇവിടെയുള്ള കാര്യങ്ങളെന്ന് ലാല്‍ ചോദിച്ചു. ടിക്കറ്റുകളൊക്കെ തീര്‍ന്നു പോയല്ലോയെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങോട്ട് വന്നാല്‍ നമുക്ക് സിനിമ കാണാമെന്ന് പറഞ്ഞപ്പോള്‍ അവിടുന്ന് ഇങ്ങോട്ട് വരാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. മുമ്പ് ആദ്യമായി പടം റിലീസായ സമയത്തും ലാല്‍ ഇതുപോലെ എന്നെ വിളിച്ചിരുന്നു. പതിനൊന്ന് മണിയൊക്കെ ആയപ്പോള്‍ എന്തായി കാര്യങ്ങളെന്ന് ചോദിച്ചു.
തിയേറ്ററില്‍ ഇറങ്ങി ഷോ തുടങ്ങിയിട്ടുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലാല്‍ വീണ്ടും എന്നെ വിളിച്ചു. മൂന്ന് മണിയൊക്കെ ആയപ്പോള്‍ പിന്നെയും അദ്ദേഹത്തിന്റെ കോള്‍ വന്നു. പക്ഷെ ഞാന്‍ ആ കോള്‍ എടുത്തില്ല. കാരണം ആ സമയത്ത് എനിക്ക് പറയാന്‍ നല്ല വാര്‍ത്ത ഇല്ലാതെ ആയി പോയിരുന്നു. അതേ ആള്‍ തന്നെയാണ് ഇന്ന് എന്നെ പ്രതീക്ഷയോടെ വിളിക്കുന്നത്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Mohanlal’s Phone Call