മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച സിബി മലയില്‍ 39 വര്‍ഷത്തെ കരിയറില്‍ പല ഴോണറുകളിലുള്ള സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ദേവദൂതന്‍, ഉസ്താദ്, ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം തുടങ്ങി 40ലധികം ചിത്രങ്ങള്‍ സിബി സംവിധാനം ചെയ്തു.
സിബി മലയിലിന്റെ സിനിമകളില്‍ കൂടുതലും നായകനായെത്തിയത് മോഹന്‍ലാലായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച അണ്ടര്‍റേറ്റഡ് പെര്‍ഫോമന്‍സാണ് ദശരഥത്തിലേതെന്ന് പറയുകയാണ് സിബി മലയില്‍. മോഹന്‍ലാലിന്റെ മറ്റ് സിനിമകളിലെ പ്രകടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത്രകണ്ട് പ്രശംസിക്കപ്പെടാത്ത പോയ പെര്‍ഫോമന്‍സാണ് അതിലേതെന്ന് അദ്ദേഹം പറഞ്ഞു.
കാലത്തിന് മുന്നേ പിറന്ന സിനിമയാണ് ദശരഥമെന്നും ഇന്നും ആ സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രസക്തിയുണ്ടെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കരിയറില്‍ സംഭവിച്ച മികച്ച സിനിമകളില്‍ ഒന്നാണ് ദശരഥമെന്നും അദ്ദേഹം പറയുന്നു.
‘മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ദശരഥത്തിലേത്. മറ്റ് സിനിമകളിലെ ലാലിന്റെ പ്രകടനത്തെ നമ്മള്‍ വാഴ്ത്തുമ്പോഴും ആസ്വദിക്കുമ്പോഴുമെല്ലാം അത്രകണ്ട് ചര്‍ച്ച ചെയ്യപ്പെടാതെപോയ ലാലിന്റെ മികച്ച പെര്‍ഫോമന്‍സാണ് ദശരഥത്തിലെ രാജീവ് മേനോന്‍ എന്ന കഥാപാത്രം.
ലാലിന്റെ അണ്ടര്‍റേറ്റഡ് പെര്‍ഫോമന്‍സ് എന്ന് വേണമെങ്കില്‍ പറയാം. കാലത്തിന് മുന്നേ പിറന്ന സിനിമയാണത്. ഇന്നും ആ സിനിമയുടെ വിഷയത്തിന് പ്രസക്തിയുണ്ട്. ലാലിന്റെ വാക്കുകള്‍ തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍, എന്നും നല്ല സിനിമകള്‍ സംഭവിക്കട്ടെ. അങ്ങനെ സംഭവിച്ച എന്റെ കരിയറിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നാണ് ദശരഥം,’ സിബി മലയില്‍ പറയുന്നു.
ദശരഥം
ലോഹിതദാസിന്റെ തൂലികയില്‍ പിറന്ന മലയാളത്തിലെ എണ്ണംപറഞ്ഞ സിനിമകളില്‍ ഒന്നാണ് ദശരഥം. സിബി മലയിലാണ് ചിത്രത്തിന്റെ സംവിധായകന്‍. 1989ല്‍ ഇറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലും രേഖയും മുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ചിത്രമായ ദശരഥം എന്നാല്‍ തിയേറ്ററുകളില്‍ അര്‍ഹിച്ച വിജയം നേടിയിരുന്നില്ല. ചിത്രം ലോഹിതദാസിന് തിരക്കഥയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. മറാത്തിയിലേക്ക് മൊഴിമാറ്റം ചെയ്ത ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ദശരഥം.
Content Highlight: Sibi Malayil Talks About Mohanlal’s Performance In Dasharatham Movie