മലയാളികള്‍ക്ക് ഒരു കാലത്ത് മികച്ച സിനിമകള്‍ നല്‍കിയ കൂട്ടുകെട്ടായിരുന്നു സിബി മലയിലിന്റെയും മോഹന്‍ലാലിന്റെയും. 2007ല്‍ പുറത്തിറങ്ങിയ ഫ്ളാഷ് ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. എന്നാല്‍ ആ സിനിമ പ്രതീക്ഷിച്ചത്ര വലിയ വിജയമായിരുന്നില്ല.
ഈ സിനിമക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ വന്നിരുന്നില്ല. ഫ്‌ളാഷിന് ശേഷം മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാത്തതിന്റെ കാരണം പറയുകയാണ് സിബി മലയില്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ സിനിമയില്‍ നടക്കില്ല എന്നതാണ് സത്യം. എല്ലാവരുടെയും സൗകര്യങ്ങളും താത്പര്യങ്ങളും അതിലുണ്ടാകും. 2007 കഴിഞ്ഞപ്പോള്‍ പിന്നെ ഞങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമയുണ്ട്. ദശരഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു അത്.
എന്നാല്‍ എന്തുകൊണ്ടോ അത് നടന്നില്ല. അതിന് പല കാരണങ്ങളും ഉണ്ടായിരുന്നു. പിന്നെ അത്രയും സീരിയസായ അപ്രോച്ച് എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഞാന്‍ മോഹന്‍ലാലുമായി ഇനിയൊരു സിനിമ ചെയ്യുകയാണെങ്കില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കഥയാകണം.
ഞങ്ങള്‍ ഒരുമിച്ച് ചെയ്ത സിനിമകളൊക്കെ അത്രമാത്രം അവരുടെ മനസിലുള്ളതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ അതിന് മുകളില്‍ നില്‍ക്കുന്ന സിനിമ ചെയ്തില്ലെങ്കില്‍ സ്വീകരിക്കപ്പെടില്ലെന്ന ചിന്ത എന്റെ മനസിലുണ്ട്. ഞങ്ങള്‍ ഒരുമിച്ച ഫ്ളാഷ് എന്ന സിനിമക്ക് സംഭവിച്ചത് അത് തന്നെയായിരുന്നു.
മോഹന്‍ലാലും ഞാനും കൂടെ ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു സിനിമയുണ്ട്. അതായിരുന്നില്ല ഫ്‌ളാഷ്. ആ തിരിച്ചറിവ് വളരെ വലുതായിരുന്നു. അതില്‍ നിന്ന് ഇനി അത്രയും കോണ്‍ഫിഡന്‍സ് തരുന്ന സിനിമ ചെയ്യാമെന്ന് തീരുമാനത്തിലേക്ക് എന്നെ എത്തിച്ചു. അതായിരുന്നു ഇത്ര വലിയ ഒരു ഗ്യാപ് വരാനുള്ള കാരണം,’ സിബി മലയില്‍ പറയുന്നു.
ഫ്‌ളാഷ്:
എസ്. ഭാസുരചന്ദ്രന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് ഫ്‌ളാഷ്. 2007ല്‍ പുറത്തിറങ്ങിയ ഫ്ളാഷില്‍ ഡോ. മിഥുന്‍ മാധവന്‍ എന്ന സൈക്യാട്രിസ്റ്റായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. അദ്ദേഹത്തിന് പുറമെ ഇന്ദ്രജിത്ത് സുകുമാരന്, പാര്‍വതി തിരുവോത്ത് എന്നിവരും സിനിമക്കായി ഒന്നിച്ചിരുന്നു.
Content Highlight: Sibi Malayil Talks About Mohanlal’s Movie