| Thursday, 3rd August 2023, 8:29 am

നിരഞ്ജനായി തമിഴില്‍ നിന്ന് രണ്ട് ഓപ്ഷനുണ്ടായിരുന്നു, പിന്നീടാണ് മോഹന്‍ലാലിലേക്ക് എത്തിയത്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകനും മേലെ പോകുന്ന കാമിയോ റോളുകള്‍ ചിലപ്പോള്‍ സിനിമകളില്‍ ഉണ്ടാവാറുണ്ട്. സിനിമ കഴിയുമ്പോള്‍ കേന്ദ്രകഥാപാത്രങ്ങളെക്കാളും പ്രേക്ഷകരുടെ മനസില്‍ തങ്ങുന്നത് ഈ കഥാപാത്രമാവും. അത്തരത്തിലൊരു കഥാപാത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിരഞ്ജന്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച ഈ കഥാപാത്രം ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് വരുന്നത്.

നിരഞ്ജനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിലേക്ക് എത്തിയതിനെ പറ്റി പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. സുരേഷ് ഗോപിയെക്കാളും ജയറാമിനെക്കാളും മുകളില്‍ നില്‍ക്കുന്ന ഒരു ആക്ടര്‍ വേണം ഈ കഥാപാത്രം ചെയ്യേണ്ടത് എന്ന ധാരണയുണ്ടായിരുന്നു എന്ന് സിബി മലയില്‍ പറഞ്ഞു. രജിനികാന്തിനേയും കമല്‍ ഹാസനേയും നിരഞ്ജനാക്കാന്‍ ആലോചനയുണ്ടായിരുന്നുവെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.

‘മഞ്ജു വാര്യര്‍ ചെയ്ത അഭിരാമി എന്തെക്കെയോ നിഗൂഢതയുള്ള പെണ്‍കുട്ടികളാണ്. ഈ നിഗൂഢത വെളിപ്പെടുത്തുന്ന നിരഞ്ജന്‍ എന്ന കഥാപാത്രം സുരേഷ് ഗോപിക്കും ജയറാമിനും മുകളില്‍ നിര്‍ത്താവുന്ന ഒരാളാവണം.

ആ കഥാപാത്രത്തിലേക്ക് പലരേയും ചിന്തിച്ചിരുന്നു. രജിനികാന്തിനേയും കമല്‍ഹാസനേയും സമീപിക്കാം എന്ന് ആലോചിച്ചിരുന്നു. മോഹന്‍ലാലുള്ളപ്പോള്‍ എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത്, മോഹന്‍ലാലിലേക്ക് പോയാല്‍ പോരേ എന്ന് പിന്നീട് ചിന്തിച്ചു. അങ്ങനെ മോഹന്‍ലാലിനെ തന്നെ വിളിക്കാമെന്ന് തീരുമാനിച്ചു.

ലാല്‍ ആ സമയത്ത് ജിന്‍ഡാല്‍ എന്ന ആയുര്‍വേദ ചികിത്സയുമായി ബെംഗളൂരുവിലാണ്. ഞാനും രഞ്ജിത്തും കൂടി ബെംഗളൂരുവില്‍ ചെന്നു. ലാലിനെ കണ്ട് കഥ പറഞ്ഞു. ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. മദ്രാസിലെ റെഡ് ഹില്‍സ് എന്ന സ്ഥലത്ത് ചുവപ്പ് കളറിലുള്ള ഒരു പഴയ ബില്‍ഡിങ്ങുണ്ട്. അതാണ് ജയിലായി കാണിച്ചിരിക്കുന്നത്,’ സിബി മലയില്‍ പറഞ്ഞു.

മോനായി എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് കുതിരവട്ടം പപ്പുവിനെയായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു. ‘മോനായി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചതും സെറ്റിലെത്തിയതും കുതിരവട്ടം പപ്പു ചേട്ടനാണ്. പപ്പു ചേട്ടന്‍ വന്ന് പാട്ടിന്റെ രണ്ടുമൂന്ന് ഷോട്ടുകള്‍ എടുത്തു. ജയറാമും സുരേഷ് ഗോപിയും പപ്പു ചേട്ടനും കൂടി പടിയേറി വരുന്ന ഒറ്റ ഷോട്ടിലെടുക്കുന്ന സീനുണ്ട്.

നല്ല തണുപ്പുള്ള സമയമാണ്. പപ്പു ചേട്ടന് ശ്വാസ തടസം തുടങ്ങി. ഈ തണുപ്പ് എനിക്ക് പറ്റുന്നില്ല, എന്നെ ഒന്ന് ഒഴിവാക്കി തരണം എന്ന് പപ്പു ചേട്ടന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം തിരിച്ചുപോവുകയും പെട്ടെന്ന് തന്നെ മണിയെ കിട്ടുകയും മണി വന്ന് മോനായി എന്ന കഥാപാത്രം ചെയ്യുകയും ചെയ്തു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: sibi malayil talks about mohanlal’s casting in summer in bathlahem

We use cookies to give you the best possible experience. Learn more