‘കിരീടം’ സിനിമയില്‍ മോഹന്‍ലാല്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ലെന്നും കഥ കേട്ടത് പോലുമില്ലെന്നും സംവിധായകന്‍ സിബി മലയില്‍. കഥ കേള്‍ക്കുന്നതിന് മുമ്പുതന്നെ മോഹന്‍ലാല്‍ സ്വന്തം തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറിയെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.
പലപ്പോഴും മോഹന്‍ലാലിനടുത്ത് കഥ പറയാന്‍ പോയിട്ട് തങ്ങള്‍ നിരാശയോടെ തിരിച്ചു വന്നിട്ടുണ്ടെന്നും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഈ സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ തടസമാകുന്ന ഘടകം താനാണോ എന്നാണ് തോന്നിയതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. മോഹന്‍ലാലിന് തന്റെ കൂടെ സിനിമ ചെയ്യാനുള്ള താല്‍പര്യ കുറവുണ്ടോയെന്ന സംശയം കാരണം താന്‍ സിനിമയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
‘മോഹന്‍ലാലിനെ നായകനാക്കി ‘കിരീടം’ സിനിമ ചെയ്യാമെന്ന് ഞാനും ലോഹിതദാസും കരുതിയിരിക്കുമ്പോഴാണ് കൃഷ്ണകുമാറെന്ന ഉണ്ണി, ദിനേശ് പണിക്കരുമായി ചേര്‍ന്ന് ഒരു സിനിമയെടുക്കാനായി ഞങ്ങളെ സമീപിക്കുന്നത്. ഉണ്ണിയെ എനിക്ക് നേരത്തെ അറിയാം. ദിനേശിനെയും അറിയാം.
അവര്‍ക്ക് ഞാനും ലോഹിതദാസും ഒരുമിച്ചുള്ള ഒരു സിനിമയായിരുന്നു ആവശ്യം. നായകനായി മോഹന്‍ലാലിനെയാണ് വേണ്ടത്. ഞങ്ങള്‍ കിരീടത്തിന്റെ കഥ അവരോട് പറഞ്ഞു. മോഹന്‍ലാലിനെയാണ് നായകനാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. അവര്‍ക്ക് കഥ കേട്ടപ്പോള്‍ തന്നെ താല്‍പര്യം തോന്നി. അങ്ങനെ കഥയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
മോഹന്‍ലാലിനെ കാണുകയും ഡേറ്റ് വാങ്ങുകയുമൊക്കെ ചെയ്യുന്നത് അവരുടെ ഉത്തരവാദിത്തമാണ്. കാരണം മോഹന്‍ലാലും ഉണ്ണിയും കോളേജ് മേറ്റ്‌സും പഴയ സുഹൃത്തുക്കളുമൊക്കെ ആയിരുന്നു. ഞങ്ങള്‍ ആ സമയം കഥയുമായി മുന്നോട്ട് പോയി. കഥയെ വിശദമായ രൂപത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ലോഹി നടത്തുന്നുണ്ടായിരുന്നു. സിനിമയുടെ കഥ മോഹന്‍ലാലിനെ കേള്‍പ്പിക്കുക എന്ന ഘട്ടത്തിലേക്ക് എത്തി. അദ്ദേഹമുള്ള പല സ്ഥലങ്ങളിലും പോയിട്ട് കഥ കേള്‍പ്പിക്കാന്‍ ശ്രമം നടത്തി.
എന്നാല്‍ അതൊന്നും സാധ്യമായില്ല. അദ്ദേഹത്തിന് തിരക്കുകളായിരുന്നു. അദ്ദേഹം ആ സിനിമയില്‍ വലിയ താല്‍പര്യം കാണിച്ചില്ല. കഥ കേട്ടത് പോലുമില്ല. ആ കഥ കേള്‍ക്കുന്നതിന് മുമ്പുതന്നെ ആ പ്രൊജക്റ്റിനോട് വലിയ താല്‍പര്യം കാണിച്ചില്ല. സ്വന്തം തിരക്കുകളെ കുറിച്ചും ആ വര്‍ഷം ചെയ്യാനുള്ള വര്‍ക്കുകളെ പറ്റിയും പറഞ്ഞു. ഏതാണ്ട് ഒരു വര്‍ഷത്തേക്ക് സിനിമകളില്‍ കമ്മിറ്റഡാണെന്ന് പറഞ്ഞു.
പലപ്പോഴും കഥ പറയാന്‍ പോയി ഞങ്ങള്‍ നിരാശയോടെ തിരിച്ചു വന്നിട്ടുണ്ട്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്, ഈ സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ തടസമാകുന്ന ഒരു ഘടകം ഒരുപക്ഷെ ഞാനാകാം എന്നാണ്.
ഒരുപക്ഷെ മോഹന്‍ലാലിന് എന്റെ കൂടെ സിനിമ ചെയ്യാനുള്ള താല്‍പര്യ കുറവാണോയെന്ന കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായി. അതുകൊണ്ട് മറ്റൊരു സംവിധായകനെ കണ്ടെത്തി ഈ സിനിമയുമായി മുന്നോട്ട് പോകുന്ന കാര്യം ഞാന്‍ എല്ലാവരോടുമായി പറഞ്ഞു. ‘അദ്ദേഹത്തിന് താല്‍പര്യമുള്ള ഒരാളെ കൊണ്ടുവന്നാലെ ഈ സിനിമ നടക്കുകയുള്ളു. അതുകൊണ്ട് ഞാന്‍ വേണമെങ്കില്‍ മാറാം’ എന്നു പറഞ്ഞു.
എന്നാല്‍ ഞാന്‍ ആ സിനിമയില്‍ വേണമെന്ന് ഉണ്ണിക്കും ദിനേശ് പണിക്കര്‍ക്കും നിര്‍ബന്ധമായിരുന്നു. ഞാന്‍ ഇല്ലാതെ ആ പ്രൊജക്റ്റ് ചെയ്യുന്നതിനെ പറ്റി ചിന്തിക്കില്ലെന്നായിരുന്നു മറുപടി.
ഒടുവില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തുള്ള ഒരു ദിവസം ഉണ്ണി അദ്ദേഹത്തെ കണ്ട് കഥ പറയാന്‍ സമയം ചോദിച്ചു. അങ്ങനെ ഞാനും ലോഹിയും ഉണ്ണിയും ദിനേശ് പണിക്കരും മോഹന്‍ലാലിനെ കണ്ട് കഥ പറഞ്ഞു. കഥ കേള്‍ക്കുന്ന സമയം വലിയ താല്‍പര്യത്തിലല്ല അദ്ദേഹം ഇരുന്നത്. പക്ഷെ കഥ കേട്ടു തുടങ്ങിയതോടെ താല്‍പര്യം വന്നു. കഥ കേട്ടു കഴിഞ്ഞതും ഈ സിനിമ പെട്ടെന്ന് തന്നെ ചെയ്യാമെന്ന് പറഞ്ഞു,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Mohanlal And Kireedam Movie