ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’. അരോമ മണി നിര്‍മിച്ച ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനായത്. ഒപ്പം മേനക, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, മാമുക്കോയ, സുകുമാരി, ശ്രീനിവാസന്‍, ഇന്നസെന്റ് തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.
തിയേറ്ററില്‍ പ്രതീക്ഷിച്ചത്ര വിജയമാകാതിരുന്ന ഈ സിനിമ ആ വര്‍ഷം ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി. മറ്റ് സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം എന്ന കാറ്റഗറിയിലായിരുന്നു അവാര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീനി ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന സിനിമയുടെ കഥ എന്നോട് പറയുന്നതിന് മുമ്പ് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ലാലിന് ആ കഥ ഒരുപാട് ഇഷ്ടപ്പെട്ടു. ആരാണ് ഈ സിനിമ ചെയ്യുകയെന്ന് ലാല്‍ ചോദിച്ചപ്പോള്‍ ശ്രീനിയാണ് എന്നെ കുറിച്ച് പറയുന്നത്.
ആ സമയത്ത് അതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. ശ്രീനി എന്റെ പേര് ലാലിനോട് പറയുകയും ലാല്‍ അതിന് ഓക്കെ പറയുകയും ചെയ്തതിന് ശേഷമാണ് ഞാന്‍ അറിയുന്നത്. അപ്പോഴേക്കും അരോമ മണി എന്ന പ്രൊഡ്യൂസര്‍ക്ക് മോഹന്‍ലാല്‍ ഒരു ഡേറ്റ് ഓഫറ് ചെയ്തിരുന്നു.
ആ ഡേറ്റ് ഇതുമായി ക്ലബ്ബ് ചെയ്തിട്ടാണ് ഇങ്ങനെയൊരു പ്രൊജക്ട് നടക്കുന്നത്. എന്നാല്‍ ഈ സിനിമ വലിയ വിജയമായില്ല. പിന്നീടാണ് സോള്‍ട്ട് മാംഗോ ട്രീയും അതിലെ തമാശകളുമൊക്കെ വലിയ പോപ്പുലറായത്. കോഴിക്കോട് ഫറൂഖില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നത്.
കൊമേഷ്യലി ഈ സിനിമ വലിയ സക്‌സസായില്ല. ആവറേജ് ലെവലില്‍ പോയ പടമായിരുന്നു ഇത്. പിന്നീട് ടി.വിയില്‍ വന്നപ്പോഴാണ് ആളുകള്‍ കുറച്ച് കൂടെ ഈ സിനിമ ആസ്വദിച്ചത്. ഒപ്പം സിനിമക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. അതൊരു ഭാഗ്യമാണ്.
എന്റെ മൂന്നാമത്തെ സിനിമയില്‍ തന്നെ നാഷണല്‍ അവാര്‍ഡ് ലഭിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അവാര്‍ഡായിരുന്നു അത്. അങ്ങനെയൊരു കാറ്റഗറി ഉണ്ടെന്ന് പോലും അപ്പോഴായിരുന്നു നമ്മള്‍ അറിയുന്നത്. ബെസ്റ്റ് ഫിലിം ഓണ്‍ അദര്‍ സോഷ്യല്‍ ഇഷ്യൂസ് എന്ന കാറ്റഗറിയിലായിരുന്നു അവാര്‍ഡ്,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Mohanlal And Doore Doore Oru Koodu Koottam Movie