1993ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ ഇപ്പോള്‍ 31 വര്‍ഷം പിന്നിടുമ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രം കൂടെയാണ് ഇത്.
മലയാളികളുടെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ആ സിനിമയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ താന്‍ ഈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് സിബി മലയില്‍. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫാസിലിന്റെ കൂടെ വര്‍ക്ക് ചെയ്ത എല്ലാവരും വരണമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ മണിച്ചിത്രത്താഴില്‍ എത്തുന്നത്. ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകളില്‍ വര്‍ക്ക് ചെയ്തിരുന്നു. പ്രിയന്‍ ഫാസിലിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. പക്ഷെ ഫാസിലിനെ ഗുരുസ്ഥാനത്ത് കാണുന്ന ആളായിരുന്നു പ്രിയന്‍. സിദ്ദിഖും ലാലും പിന്നെ ഫാസിലിന്റെ അസിസ്റ്റന്‍സായി സിനിമയിലേക്ക് വന്നവരാണ്.
അത് ഫാസിലിന്റെ ഏറ്റവും വലിയ പ്രൊജക്ടായിരുന്നു. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമയായിരുന്നു ഇത്. ഞങ്ങള്‍ എല്ലാവരും അതില്‍ ഓരോ ഭാഗം ചെയ്താല്‍ ഫാസിലിന് അത് സഹായകമാകും. അല്ലെങ്കില്‍ ഷൂട്ടിങ്ങിനായി ഒരുപാട് ദിവസമെടുക്കും. അത്രനാള്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ വെറുതെ ഇരിക്കേണ്ടി വരും. ഞങ്ങളെ ആ സിനിമയിലേക്ക് കൊണ്ട് വരുന്നതിന് മുമ്പ് തന്നെ ഫാസില്‍ എന്നെ വിളിച്ച് ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചിരുന്നു.
ഞാനാണ് മണിച്ചിത്രത്താഴില്‍ ഏറ്റവും അവസാനം എത്തിയത്. സിദ്ദിഖ് – ലാല്‍ ഒരു പോര്‍ഷന്‍ ചെയ്തിട്ട് പോയി. പ്രിയന്‍ ഒരു പോര്‍ഷന്‍ ചെയ്തു. ഞാന്‍ ആ സമയത്ത് ചെങ്കോല്‍ ചെയ്യുകയായിരുന്നു. ആ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാകാതെ എനിക്ക് മണിച്ചിത്രത്താഴിലേക്ക് പോകാന്‍ പറ്റില്ലായിരുന്നു. രണ്ട് ദിവസമെങ്കില്‍ രണ്ട് ദിവസം അവിടേക്ക് വരണമെന്ന് ഫാസില്‍ എന്നോട് പറയുകയായിരുന്നു.
അതുകൊണ്ട് ചെങ്കോല്‍ തീര്‍ന്നതും ഞാന്‍ നേരെ ഫാസിലിന്റെ അടുത്തേക്ക് പോയി. എനിക്കായി ഫാസില്‍ കുറച്ച് പോര്‍ഷന്‍സ് മാറ്റിവെച്ചിരുന്നു. അത് ഒരു പാട്ടിന്റെ പോര്‍ഷന്‍സ് ആയിരുന്നു. പഴന്തമിഴ് പാട്ടിന്റെ ഭാഗമായിരുന്നു അത്. അതിന്റെ കുറച്ച് പോര്‍ഷന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളു. കുറേ ഭാഗം ഫാസില്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നെ ഒന്നു രണ്ട് സീക്വന്‍സും ഉണ്ടായിരുന്നു. ലാലും സുധീഷും ചേര്‍ന്ന് പാസ്റ്റ് അന്വേഷിച്ച് പോകുന്നതാണ് അത്. അങ്ങനെ വളരെ കുറച്ച് പോര്‍ഷന്‍സാണ് ഞാന്‍ ചെയ്തത്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Manichithrathazhu Movie