| Monday, 16th September 2024, 10:55 am

കലാഭവന്‍ മണിക്ക് പകരം സമ്മര്‍ ഇന്‍ ബത്ലഹേമില്‍ മോനായിയെ അവതരിപ്പിക്കേണ്ടത് ആ നടനായിരുന്നു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിലിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം, കലാഭവന്‍ മണി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. വേണു നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് രഞ്ജിത്ത് ആണ്. മേരീ ആവാസ് സുനോ എന്ന മലയാള സിനിമയുടെ ഓഡിയോ ലോഞ്ച് വേളയില്‍ നിര്‍മാതാവ് സിയാദ് കോക്കര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു.

സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ഡെന്നിസിന്റെയും രവിശങ്കറിന്റെയും വീട്ടിലെ ജോലിക്കാരന്‍ മോനായിയായി എത്തിയത് കലാഭവന്‍ മണി ആയിരുന്നു. അദ്ദേഹത്തിന്റെ മോനായി എന്ന കഥാപാത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ മോനായി ആയി ആദ്യം തീരുമാനിച്ചതും അഭിനയിക്കാന്‍ വന്നതും കുതിരവട്ടം പപ്പു ആയിരുന്നെന്ന് സംവിധായകന്‍ സിബി മലയില്‍ പറയുന്നു.

ആദ്യമായി ഷൂട്ട് ചെയ്തത് മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന ഗാനരംഗമായിരുന്നെന്നും അതില്‍ ഒറ്റ ഷോട്ടില്‍ പാട്ടുപാടി സ്റ്റെയര്‍ കയറുന്ന ഭാഗത്തിന്റെ റിഹേഴ്‌സല്‍ കഴിഞ്ഞപ്പോള്‍ കുതിരവട്ടം പപ്പുവിന് ശ്വാസം മുട്ടല്‍ ഉണ്ടായെന്നും സിബി മലയില്‍ പറയുന്നു. അവിടുത്തെ തണുപ്പും ശ്വാസം മുട്ടലും കൂടെ ആയപ്പോള്‍ തനിക്ക് ആ റോള്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം പോയതുകൊണ്ട് മോനായി ആയി കലാഭവന്‍ മണിയെ കാസ്റ്റ് ചെയ്യുകയായിരുന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. സിനി പ്ലസ് എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമ്മര്‍ ഇന്‍ ബത്ലഹേം സിനിമയില്‍ ആദ്യം തന്നെ നമ്മള്‍ ഷൂട്ട് ചെയ്തത് മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന പാട്ടാണ്. അതില്‍ ഈ മോനായി എന്ന് പറയുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ട് ആദ്യം തീരുമാനിച്ചതും ലൊക്കേഷനിലേക്ക് എത്തിയതുമെല്ലാം കുതിരവട്ടം പപ്പു ചേട്ടനായിരുന്നു. അപ്പോള്‍ ആ പാട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ പപ്പു ചേട്ടന്‍ വന്ന് ഈ പാട്ടിന്റെ ഒന്ന് രണ്ടു ഷൂട്ടെല്ലാം എടുത്തു.

അടുത്തതില്‍ ഈ സ്റ്റെയര്‍ കേസ് അവര്‍ മൂന്നുപേരും ഒറ്റ ഷോട്ടില്‍ പാട്ടുപാടി ഓടി കയറി വരണം. അതിനായുള്ള റിഹേഴ്‌സല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍, ഭയങ്കരമായിട്ട് തണുപ്പുള്ള സമയം ആയതുകൊണ്ട് തന്നെ പപ്പുച്ചേട്ടന് വല്ലാത്ത ശ്വാസതടസം നേരിട്ടു. അപ്പോള്‍ പപ്പു ചേട്ടന്‍ പറഞ്ഞു എനിക്ക് പറ്റുന്നില്ല ഈ തണുപ്പെന്ന്. അങ്ങനെ അദ്ദേഹം ഉടന്‍ തന്നെ തിരിച്ചു പോയി. അങ്ങനെയാണ് പപ്പു ചേട്ടന് പകരം കലാഭവന്‍ മണി വരുന്നതും മോനായി എന്ന കഥാപാത്രം ചെയ്യുന്നതും,’ സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil Talks About Kalabhavan Mani’s Character In Summer in Bethlehem

We use cookies to give you the best possible experience. Learn more