മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുകെട്ടാണ് സിബി മലയില്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായിരുന്നു ഫ്‌ളാഷ്. എസ്. ഭാസുരചന്ദ്രന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ സിനിമ ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ആയിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ഫ്‌ളാഷില്‍ ഡോ. മിഥുന്‍ മാധവന്‍ എന്ന സൈക്യാട്രിസ്റ്റായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. അദ്ദേഹത്തിന് പുറമെ ഇന്ദ്രജിത്ത് സുകുമാരന്, പാര്‍വതി തിരുവോത്ത് എന്നിവരും സിനിമക്കായി ഒന്നിച്ചിരുന്നു.
എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത്ര വലിയ വിജയമായിരുന്നില്ല. ഈ സിനിമക്ക് ശേഷം സിബി മലയില്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിന്നീട് സിനിമകള്‍ വന്നിരുന്നില്ല. ഫ്‌ളാഷിന് ശേഷം മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാത്തതിന്റെ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിബി മലയില്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘സിനിമയില്‍ എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ നടക്കില്ല. രണ്ട് കൂട്ടരുടെയും സൗകര്യങ്ങളും താത്പര്യങ്ങളും അതില്‍ ഉണ്ടാകും. 2007 കഴിഞ്ഞിട്ട് പിന്നെ ഞങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമ, അല്ലെങ്കില്‍ ഞാന്‍ ആയിട്ട് വര്‍ക്ക് ചെയ്ത സിനിമ ദശരഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ആ സിനിമ സംഭവിച്ചില്ല. പിന്നെ അത്ര സീരിയസായ അപ്രോച്ച് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഞാന്‍ അദ്ദേഹവുമായി ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു കഥ വരണം.
കാരണം നമ്മള്‍ ചെയ്ത സിനിമകള്‍ അത്രമാത്രം അവരുടെ മനസിലുണ്ട്. അപ്പോള്‍ അതിന് മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്തില്ലെങ്കില്‍ അത് സ്വീകരിക്കപ്പെടില്ല എന്ന ചിന്ത മനസിലുണ്ട്. ഫ്‌ളാഷിന് സംഭവിച്ചത് അത് തന്നെയാണ്. ഞാനും മോഹന്‍ലാലും കൂടെ ചേരുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു സിനിമ ആയിരുന്നില്ല അത്. ആ തിരിച്ചറിവില്‍ നിന്ന് ഇനി അത്രയും കോണ്‍ഫിഡന്‍സ് തരുന്ന സിനിമ ചെയ്യാം എന്നതായിരുന്നു ഇത്ര വലിയ ഒരു ഗ്യാപ് വരാന്‍ കാരണമായത്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Flash Movie