ശ്രീനിവാസന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, നെടുമുടി വേണു, മേനക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം നിര്‍മിച്ചത്.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സിബി മലയില്‍. തന്നോട് കഥ പറയുന്നതിന് മുമ്പ് തന്നെ ശ്രീനിവാസന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞെന്നും ആരാണ് സിനിമ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തന്റെ പേര് അദ്ദേഹത്തോട് സജസ്റ്റ് ചെയ്തത് ശ്രീനിവാസനാണെന്നും സിബി മലയില്‍ പറയുന്നു.
എന്നാല്‍ ചിത്രം വിചാരിച്ച രീതിയില്‍ വലിയ വിജയമായില്ലെന്നും പിന്നീടാണ് ആ ചിത്രത്തിലെ പല ഡയലോഗുകളും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീനി ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയുടെ കഥ എന്നോട് പറയുന്നതിന് മുമ്പ് തന്നെ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ലാലിന് കഥ ഇഷ്ടപ്പെട്ടിട്ട് ആരാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ശ്രീനിയാണ് എന്റെ പേര് ലാലിന്റെ അടുത്ത് പറയുന്നത്. ലാലത് ഒക്കെ പറഞ്ഞിരുന്നു.
ഇതൊന്നും ഞാന്‍ അറിയുന്നില്ലായിരുന്നു. അതിനൊക്കെ ശേഷമാണ് ഞാന്‍ കാര്യങ്ങളൊക്കെ അറിയുന്നത്. അപ്പോഴത്തേക്കും ഒരു പ്രൊഡ്യൂസര്‍ക്ക് ലാല്‍ ഡേറ്റ് കൊടുത്തിരുന്നു. ആ ഡേറ്റും ഇതുമായിട്ട് ക്ലബ്ബ് ചെയ്തിട്ടാണ് ഈ പ്രൊജക്റ്റ് നടക്കുന്നത്. എന്നാല്‍ ആ ചിത്രം വലിയ വിജയമൊന്നും ആയി മാറിയയിരുന്നില്ല.
ചിത്രത്തിലെ സോള്‍ട്ട് മംഗോ ട്രീ പോലെ ഉള്ള തമാശകള്‍ പിന്നീടാണ് കൂടുതല്‍ പോപ്പുലര്‍ ആകുന്നത്. ചിത്രത്തിന്റെ ഷൂട്ട് നടന്നത് കോഴിക്കോട് ഫറോക്കില്‍ ആയിരുന്നു. അവിടെയാണ് ആ സ്‌കൂളിന്റെ സെറ്റ് ഇട്ടിരുന്നത്,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Doore Doore Oru Koodu Koottam Movie