2000ത്തില്‍ പുറത്തിറങ്ങി കാലം തെറ്റിയിറങ്ങിയ ചിത്രമെന്ന് പലരും വിശേഷിപ്പിച്ച മലയാള സിനിമയാണ് ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതനെ ആളുകള്‍ ക്ലാസിക്കെന്ന് വിശേഷിപ്പിച്ചിരുന്നു. ഈയിടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദേവദൂതന്റെ 4K റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തിയിരുന്നു.
ഇപ്പോള്‍ ചിത്രത്തിലെ നായികയായ ജയപ്രദയുടെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. അലീനയായി ആദ്യം സമീപിച്ചത് ഹിന്ദി നടിയായ രേഖയെ ആയിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. പിന്നീട് അവരെ ഒഴിവാക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ചും അദ്ദേഹം പറയുന്നു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.
കഥ കേട്ട ശേഷം അവര്‍ക്ക് പറയാന്‍ സിനിമക്ക് അപ്പുറമുള്ള ചില കണ്ടീഷന്‍സ് ഉണ്ടായിരുന്നു. വര്‍ക്കിങ് ടൈമിനെ സംബന്ധിച്ചുള്ള കണ്ടീഷന്‍സായിരുന്നു അതൊക്കെ. നൈറ്റ് ഷൂട്ട് പറ്റില്ല, ഒമ്പത് മണി മുതല്‍ ആറ് മണി വരെ മാത്രമേ വര്‍ക്ക് ചെയ്യുകയുള്ളൂ എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. അത് ഇവിടെയുള്ള നമ്മുടെ വര്‍ക്കിങ് കണ്ടീഷനില്‍ സാധ്യമാകില്ലായിരുന്നു. എന്നാല്‍ ബോംബൈയില്‍ സാധ്യമാകുന്ന കാര്യമാണ്. അവിടെ നൈറ്റ് സീനിന് വേണ്ടി അവര്‍ വേണമെങ്കില്‍ പൂര്‍ണമായും സെറ്റിടും. നമുക്ക് അത് പറ്റില്ല.
ക്ലൈമാക്‌സിലൊക്കെ ഊട്ടിയില്‍ രാത്രി ഷൂട്ട് ചെയ്യേണ്ട സീനുകള്‍ ഉണ്ടായിരുന്നു. നമ്മളുടെ വര്‍ക്കിങ് കണ്ടീഷന്‍സുമായി ചേര്‍ന്നു പോകാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് പിന്നെ അവരുടെ കാസ്റ്റിങ്ങിനെ കുറിച്ച് ചിന്തിച്ചില്ല. അടുത്ത വര്‍ഷമാണ് ഞങ്ങള്‍ ജയ പ്രദയെ വിളിച്ചത്. അവരെ ഞാന്‍ നേരിട്ട് ഹൈദരാബാദില്‍ പോയി കാണുകയായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Casting Of Jaya Prada In Devadoothan