| Saturday, 28th September 2024, 2:20 pm

അന്ന് ഭാവനയും ഓഡിഷന് വന്നിരുന്നു, എന്നാല്‍ തെരഞ്ഞെടുത്തത് മറ്റൊരാളെയായിരുന്നു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിലിന്റെ സംവിധാനത്തില്‍ ദിലീപ്, നെടുമുടി വേണു, ഇന്നസെന്റ്, നവ്യ നായര്‍, ജയസുധ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇഷ്ടം. സദാനന്ദന്റ കഥക്ക് തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വഹിച്ചത് കലവൂര്‍ രവികുമാര്‍ ആണ്. നവ്യ നായരുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇഷ്ടം.

ഇഷ്ടം സിനിമയില്‍ ഒരു പുതുമുഖത്തെ അഭിനയിപ്പിക്കണമെന്നുള്ളത് ആദ്യം മുതലേ തീരുമാനിച്ചതായിരുന്നെന്നും അതിനായി ഒരു ഓഡിഷന്‍ നടത്തിയെന്നും സിബി മലയില്‍ പറയുന്നു. ഭാവന ആ ഓഡിഷനില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ ഒരു മാസികയില്‍ കണ്ട മുഖ ചിത്രത്തിലെ പെണ്‍കുട്ടിയെ തെരഞ്ഞെടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനോരമ വാരികയില്‍ കണ്ട മുഖചിത്രം നവ്യ നായരുടേതായിരുന്നെന്നും അത് കണ്ട് നവ്യയെ വിളിച്ച് ഓഡിഷന്‍ ചെയ്യിപ്പിക്കുകയായിരുന്നെന്നും സിബി മലയില്‍ വ്യക്തമാക്കി. ഓഡിഷനില്‍ നവ്യ അവതരിപ്പിച്ച സ്‌കിറ്റ് കണ്ടപ്പോള്‍ തന്നെ അവരില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായെന്നും സിബി മലയില്‍ പറയുന്നു. എസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇഷ്ടം സിനിമയില്‍ പുതിയൊരു നായിക വേണമെന്നുള്ളത് നമ്മള്‍ ആദ്യം തന്നെ തീരുമാനിച്ച കാര്യമായിരുന്നു. അതിന് വേണ്ടിയിട്ട് ഒരു ഓഡിഷന്‍ നടത്തിയിരുന്നു. ഒരുപാട് പേര്‍ അന്ന് ആ ഓഡിഷന് വന്നിരുന്നു. ഭാവനയും അക്കൂട്ടത്തില്‍ ഓഡിഷന് വന്നവരില്‍ ഒരാളായിരുന്നു.

നവ്യയെ നമ്മള്‍ കാണുന്നത് ഒരു മാഗസിന്റെ മുഖചിത്രത്തിലൂടെയാണ്. മനോരമ വാരികയിലെ കവര്‍ പിക്കില്‍ ആയിരുന്നു കണ്ടത്. അങ്ങനെ നമ്മള്‍ മനോരമയിലേക്ക് വിളിച്ച് ആ കുട്ടിയുടെ ഡീറ്റെയില്‍സ് ചോദിച്ചു. ഇത് ഹരിപ്പാടുള്ള കുട്ടിയാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെ അവരെ വരുത്തി നേരില്‍ കണ്ടു.

അപ്പോള്‍ നവ്യയോട് എന്തെങ്കിലും ഒന്ന് പെര്‍ഫോം ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവര്‍ കലോത്സവത്തിന് ഒന്നാം സ്ഥാനം കിട്ടിയ തമിഴ് സ്‌കിറ്റോ മറ്റോ ചെയ്തു കാണിച്ചു. അതിഗംഭീരമായിട്ട് ചെയ്തു. അപ്പോള്‍ തന്നെ എനിക്ക് ആ കുട്ടിയില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായി. അങ്ങനെയാണ് നമ്മള്‍ നവ്യ നായരെ ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്,’ സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil Talks About Casting Navya Nair In Ishtam Movie

We use cookies to give you the best possible experience. Learn more