മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗം. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.
‘അപൂര്‍വരാഗം ഞാന്‍ അത് വരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരുന്നു. രണ്ട് ചെറുപ്പക്കാര്‍ എന്റെ പിന്നാലെ വന്ന് പറഞ്ഞ കഥയായിരുന്നു അത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി. ആദ്യമായിട്ടായിരുന്നു അങ്ങനെ എന്റെ അടുത്തേക്ക് കഥയുമായി വരുന്നവരില്‍ നിന്ന് ഞാന്‍ സ്വീകരിക്കുന്നത്. ഈ സിനിമ ചെയ്യാമെന്നും എന്നാല്‍ പൂര്‍ണമായും പുതുമുഖങ്ങളെ വെച്ചാകണം സിനിമയെന്നും അവരോട് പറഞ്ഞു.
കാരണം ഇതിലെ മൂന്ന് കഥാപാത്രങ്ങളും അണ്‍പ്രെഡിക്റ്റബിള്‍ ആയിട്ടുള്ളവരാകണം. അവരെ പ്രേക്ഷകര്‍ക്ക് മുന്‍പരിചയം ഉള്ളവരാക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ ഇവര്‍ ഏത് ഘട്ടത്തില്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയും. കാസ്റ്റിങ്ങിനായി ഞങ്ങള്‍ കാസ്റ്റിങ് കോള്‍ ചെയ്യാമെന്ന ധാരാണയിലായി. അതിനിടയിലാണ് ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമ കാണുന്നത്. അതില്‍ ഉള്ള രണ്ട് പയ്യന്മാരെയും എനിക്ക് ഇഷ്ടമായി. അത് ആസിഫ് അലിയും നിഷാനുമായിരുന്നു.
ഒരുപാട് ട്വിസ്റ്റുകള്‍ ഉള്ള സിനിമയായിരുന്നു അത്. അതുകൊണ്ട് കാസ്റ്റിങ് വളരെ ഏറെ ശ്രദ്ധിക്കണമായിരുന്നു. അങ്ങനെ പിന്നീട് അതിന്റെ ഒഡീഷന്റെ ഭാഗമായി ആസിഫിനെ വിളിച്ചു വരുത്തി. ഞാന്‍ കഥയുടെ പൂര്‍ണരൂപം പറയാനായിരുന്നു അവനെ വിളിച്ചത്. കഥ കേട്ട് കഴിഞ്ഞതും ആസിഫ് പറഞ്ഞത് ‘ഞാന്‍ കരുതിയത് ഇത് ഒരു സ്ഥിരം ക്യാമ്പസ് ലവ് സ്റ്റോറി ആണെന്നാണ്. അതുകൊണ്ട് ഞാന്‍ അധികം എക്‌സൈറ്റഡ് ആകാതെ ഇരിക്കുകയായിരുന്നു. എന്നാല്‍ പിന്നെ ഞാന്‍ ഞെട്ടി പോയി’ എന്നായിരുന്നു. ആള്‍ അന്ന് വളരെ എക്‌സൈറ്റഡായി സംസാരിച്ചു.
ഇതില്‍ ക്യാമ്പസില്‍ വെച്ച് ഒരു പാട്ട് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. റാപ് ഒക്കെ ഉള്ള പാട്ടായിരുന്നു അത്. അതിനകത്ത് കുറച്ച് ഡാന്‍സ് ചെയ്യാന്‍ ഉണ്ടായിരുന്നു. അതിന്റെ കൊറിയോഗ്രഫിക്ക് വേണ്ടി ശാന്തി മാസ്റ്ററിനെയാണ് കൊണ്ടുവന്നത്. ആ പാട്ടിന്റെ ഷൂട്ടിങ് കോളേജിന്റെ മുന്നില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാന്‍ അന്ന് ലൊക്കേഷനില്‍ എത്തുമ്പോള്‍ ആസിഫിനെ കൊണ്ട് അവര്‍ ഡാന്‍സ് ചെയ്യിക്കുന്നുണ്ടായിരുന്നു.
പക്ഷേ ആസിഫിന് അത് ഒട്ടും വഴങ്ങുന്നുണ്ടായിരുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ കാണുന്നത് ആസിഫ് അവിടെ ഇരുന്ന് കരയുന്നതാണ്. അപ്പോള്‍ ഞാന്‍ എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ എന്നെ കൊണ്ട് പറ്റില്ലെന്നും മൂവ്‌മെന്റ്‌സ് ശരിയാവുന്നില്ലെന്നും ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞു. അവന്റെ കോണ്‍ഫിഡന്‍സ് ആകെ പോയി കരഞ്ഞു സങ്കടപ്പെട്ട് ഇരിക്കുകയാണ്.
പത്തിരുപത്തിയൊന്ന് വയസുള്ള ചെറുപ്പക്കാരനാണ്, മാത്രവുമല്ല അവന്റെ രണ്ടാമത്തെ സിനിമയാണ്. അപ്പോള്‍ അവനെ കൊണ്ട് എടുത്താല്‍ പൊങ്ങാത്ത കാര്യങ്ങള്‍ ചെയ്യിക്കാന്‍ കഴിയില്ല. മാസ്റ്ററിനോട് ഞാന്‍ അവന് വഴങ്ങുന്ന മൂവ്‌മെന്റ്‌സ് കൊടുക്കാന്‍ പറഞ്ഞു. പതിയെ അവനില്‍ കോണ്‍ഫിഡന്‍സ് ക്രിയേറ്റ് ചെയ്യിച്ച ശേഷം പിന്നെ ഓക്കേയായി. ഒടുവില്‍ അവന്‍ ആ ഡാന്‍സ് ചെയ്ത് തീര്‍ത്തു. അതേസമയം അഭിനയിക്കേണ്ട ഭാഗങ്ങളൊക്കെ അവന്‍ നന്നായി ചെയ്തിരുന്നു,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Asif Ali Crying On Location