|

നായകനായി തിളങ്ങി നില്‍ക്കുമ്പോഴും സ്ത്രീ പ്രാധാന്യമുള്ള ആ സിനിമയില്‍ അഭിനയിക്കാന്‍ മുരളി തയാറായി: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിലൂടെയാണ് സിബി മലയില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ മുരളിയെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. ആകാശദൂത് എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ജോണി എന്ന കഥാപാത്രം ചെയ്യാന്‍ മുരളിക്ക് യാതൊരു മടിയുമില്ലായിരുന്നെന്ന് സിബി മലയില്‍ പറഞ്ഞു. മുരളി ആ സമയം നിരവധി സിനിമകളില്‍ നായകനായി തിളങ്ങിനില്‍ക്കുകയായിരുന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

വേറെ ഏത് നടനായാലും അത്തരം സമയത്ത് നായികാപ്രാധാന്യമുള്ള സിനിമകള്‍ ചെയ്യില്ലെന്നും മുരളി അങ്ങനെ അല്ലായിരുന്നെന്നും സിബി മലയില്‍ പറഞ്ഞു. കഥാപാത്രം നല്ലതാണെങ്കില്‍ യാതൊരു മടിയുമില്ലാതെ അദ്ദേഹം ചെയ്യുമെന്നും അഭിനയത്തോട് അത്രമാത്രം കമ്മിറ്റഡാണ് മുരളിയെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

ആകാശദൂത് ഹിറ്റായ ശേഷം തന്നെത്തേടി ഒരു കത്ത് വന്നിരുന്നെന്നും തനിക്ക് വളരെ മൂല്യവത്തായിട്ടുള്ള ഒന്നാണ് അതെന്നും സിബി മലയില്‍ പറഞ്ഞു. ആ സിനിമ കണ്ട് ഒരാള്‍ മദ്യപാനം നിര്‍ത്തിയെന്നാണ് ആ കത്തില്‍ ഉണ്ടായിരുന്നതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. മുരളി എന്ന നടന്റെ വിജയമാണ് അതെന്നും ആ കത്ത് നാഷണല്‍ അവാര്‍ഡിനെക്കാള്‍ മൂല്യമുള്ളതാണെന്നും സിബി മലയില്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.

‘ആകാശദൂത് എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മുരളി അതിനോട് ഓക്കെ പറഞ്ഞു. ജോണി എന്ന കഥാപാത്രം താന്‍ ചെയ്യാം എന്നായിരുന്നു മുരളിയുടെ മറുപടി. ആ സമയത്ത് മുരളി ഒരുപാട് സിനിമകളില്‍ നായകനായി തിളങ്ങി നില്‍ക്കുകയായിരുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ നായികാപ്രാധന്യമുള്ള സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ കാര്യമാണ്.

അത് മാത്രമല്ല, ആ സിനിമയില്‍ അയാളുടെ കഥാപാത്രം മരിക്കുന്നുണ്ട്. നായകവേഷം മാത്രമേ ചെയ്യൂ എന്ന നിര്‍ബന്ധം ഒരിക്കലും മുരളിക്ക് ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം നോക്കാതെ തന്റെ ഭാഗം അയാള്‍ ഭംഗിയാക്കും. ആ സിനിമ ഹിറ്റായ ശേഷം എനിക്ക് ഒരു കത്ത് കിട്ടിയിരുന്നു. ആ സിനിമ കണ്ട് ഒരാള്‍ മദ്യപാനം നിര്‍ത്തിയെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. മുരളി എന്ന നടന്റെ വിജയമാണത്. എനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡിനെക്കാള്‍ മൂല്യം ആ കത്തിനുണ്ട്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil talks about Akashadoothu movie and Murali

Latest Stories