ഭരതത്തിന്റെ തിരക്കിലായപ്പോൾ എനിക്ക് നഷ്ടമായത് ആ കമൽഹാസൻ ചിത്രം: സിബി മലയിൽ
Entertainment
ഭരതത്തിന്റെ തിരക്കിലായപ്പോൾ എനിക്ക് നഷ്ടമായത് ആ കമൽഹാസൻ ചിത്രം: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th July 2024, 8:13 am

ഈ വർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയമായതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയ ചിത്രമായിരുന്നു കമൽ ഹാസന്റെ ഗുണ.

ഗുണയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. ഗുണ താൻ സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നുവെന്നും കിരീടവും തനിയാവർത്തനവും കണ്ടിട്ടാണ് കമൽ ഹാസൻ തന്നെ സമീപിച്ചതെന്നും സിബി പറയുന്നു. എന്നാൽ ആ സമയത്ത് താൻ ഭരതം എന്ന ചിത്രത്തിന്റെ തിരക്കിലായതിനാൽ സിനിമ ചെയ്യാൻ കഴിഞ്ഞില്ലെന്നും സിബി മലയിൽ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേർസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭരതം വളരെ പെട്ടെന്ന് രൂപീകരിക്കപ്പെട്ട കഥയാണ്. അത് പെട്ടെന്ന് റിലീസ് ഡേറ്റ് ഫിക്സ് ചെയ്ത സിനിമയാണ്. അതിന്റെ തിരക്കുകളിൽ നിന്ന് മാറി കമലിനൊപ്പം ഗുണാ സിനിമയുടെ പ്രീ പ്രൊഡക്ഷനിൽ ഇരിക്കാൻ കഴിഞ്ഞില്ല.

ഞാൻ പിന്നീട് ചെല്ലുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അദ്ദേഹം എന്നെ കാത്തിരുന്ന് മടുത്തു. അങ്ങനെ പിന്നെ ഗുണയുടെ ഭാഗമാവാൻ പറ്റിയില്ല. അത് ചെറിയ പിണക്കം അദ്ദേഹത്തിന് ഉണ്ടാക്കി. അങ്ങനെ ആ ചിത്രത്തിൽ നിന്ന് മാറേണ്ടി വന്നു.

കിരീടവും തനിയാവർത്തനവും കണ്ടതിന് ശേഷമാണ് ഒരുമിച്ച് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ സമീപിക്കുന്നത്,’സിബി മലയിൽ പറയുന്നു.

അതേസമയം കാത്തിരിപ്പിനൊടുവിൽ സിബി മലയിൽ ചിത്രം ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്.

24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു. റീ റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് എല്ലാ തിയേറ്ററിൽ നിന്നും ചിത്രം നേടുന്നത്.

 

Content Highlight: Sibi Malayil Talk About Why He Dropped Guna Movie With Kamalhassan