| Monday, 15th July 2024, 7:58 am

അന്ന് മമ്മൂട്ടിക്ക് എന്റെ ആ ചിത്രം ആവശ്യമായിരുന്നു, അതൊരു മികച്ച ബ്രേക്ക്‌ നൽകി: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങൾക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ സിബി മലയിലിന് സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ തനിയാവർത്തനം. ലോഹിതാദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ ഗംഭീര പ്രകടനമായിരുന്നു കണ്ടത്. അന്ധവിശ്വാസങ്ങളെ കുറിച്ചു തുറന്നു കാട്ടിയ ചിത്രം ഇന്നും പ്രസക്തമാണ്.

ആ സമയത്ത് മമ്മൂട്ടിക്ക് തനിയാവർത്തനം എന്ന ചിത്രം ആവശ്യമായിരുന്നുവെന്നും താരത്തിന് നല്ലൊരു ബ്രേക്ക്‌ നൽകിയ ചിത്രമാണ് അതെന്നും സിബി മലയിൽ പറയുന്നു. മമ്മൂട്ടിയും മോഹൻലാലുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിബി പറഞ്ഞു.

‘രണ്ട് പേരെയും അവരുടെ കരിയറിന്റെ തുടക്കകാലത്ത് തന്നെ പരിചയപ്പെടാനും അടുപ്പം സ്ഥാപിക്കാനുമെല്ലാം എനിക്ക് സാധിച്ചിട്ടുണ്ട്. ഈ നാല് പതിറ്റാണ്ട് കഴിയുമ്പോഴും അങ്ങനെയുള്ള ബന്ധം തുടരുന്നുണ്ട്.

തുടക്കകാലത്ത് ആയതുകൊണ്ട് തന്നെ നല്ല ആഴവും വേരുമൊക്കെയുള്ള സൗഹൃദമാണത്. കൂടുതൽ സിനിമകൾ ചെയ്തത് ലാലുമായിട്ടാണ്. കാരണം അങ്ങനെ സംഭവിച്ചുവെന്നേയുള്ളൂ. കൂടുതൽ സിനിമകൾ ലാലിലേക്ക് എത്തിയെന്നെയുള്ളൂ.

എങ്കിലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയെന്ന നിലയിൽ തനിയാവർത്തനം ചെയ്യാൻ കഴിഞ്ഞു. ആ സമയത്ത് മമ്മൂട്ടിക്ക് ആ ചിത്രം ആവശ്യമായിരുന്നു. മമ്മൂട്ടിക്ക് ഒരു ബ്രേക്ക്‌ അത്യാവശ്യമുള്ളപ്പോഴാണ് ആ സിനിമ സംഭവിക്കുന്നത്.

അതുപോലെ ലാലിനെ സംബന്ധിച്ച്, ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ദേശീയ അവാർഡുകളിലേക്കെല്ലാം എത്തിപ്പെട്ട സിനിമകൾ എനിക്ക് ചെയ്യാൻ കഴിഞ്ഞു. ആ രീതിയിൽ അവരുമായി നല്ല അടുപ്പമുണ്ട്. സിനിമകൾ ചെയ്താലും ഇല്ലെങ്കിലും ആ സൗഹൃദം അങ്ങനെ നിലനിൽക്കുന്നുണ്ട്,’സിബി മലയിൽ.

Content Highlight: Sibi Malayil Talk About Thaniyavarthanam Movie

We use cookies to give you the best possible experience. Learn more