ഭ്രമയുഗത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ ആ രഹസ്യം ഞാൻ അറിഞ്ഞില്ല, റിലീസിന് ശേഷം അത്ഭുതം തോന്നി: സിബി മലയിൽ
Entertainment
ഭ്രമയുഗത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ ആ രഹസ്യം ഞാൻ അറിഞ്ഞില്ല, റിലീസിന് ശേഷം അത്ഭുതം തോന്നി: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th May 2024, 7:01 pm

അവതരണം കൊണ്ടും കഥപറച്ചിൽ രീതി കൊണ്ടും ഈ വർഷമിറങ്ങി പ്രേക്ഷകരെ ഞെട്ടിച്ച ചലച്ചിത്രമാണ് ഭ്രമയുഗം.

ഭൂതകാലം എന്ന ഹൊറർ ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രമായ കൊടുമൺ പോറ്റിയായി വേഷമിട്ടത്. ഇതുവരെ മലയാളികൾ കാണാത്ത തരത്തിലായിരുന്നു മമ്മൂട്ടി കഥാപാത്രമായി പകർന്നാടിയത്.

അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഒരുക്കിയ സിനിമ കൂടിയാണ് ഭ്രമയുഗം.

ഭ്രമയുഗത്തെ കുറിച്ച് പറയുകയാണ് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ സിബി മലയിൽ. ചിത്രം വിജയിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് സിബി മലയിൽ പറയുന്നത്.

 

ചിത്രത്തിന്റെ പോസ്റ്ററും സ്റ്റില്ലുകളും കണ്ടപ്പോൾ സിനിമ ഇത്ര വിജയമാകുമെന്ന് താൻ കരുതിയില്ലെന്ന് സിബി മലയിൽ പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭ്രമയുഗം എന്ന സിനിമ ബ്ലാക്ക് ആൻഡ്‌ വൈറ്റാണ്. കളർഫുള്ളായിട്ടുള്ള ഒന്നും അതിലില്ല. പ്ലെസന്റ് ആയിട്ടുള്ള ഒന്നും അതിലില്ല. എന്നാൽ വളരെ ഗ്ലോറിയായിട്ടുള്ള, ഡാർക്ക്‌ ആയിട്ടുള്ള സീനുകളാണ് ചിത്രത്തിലുള്ളത്.

അതിന്റെ പോസ്റ്ററും സ്റ്റിൽസുമൊക്കെ കണ്ടപ്പോൾ എനിക്കറിയില്ലായിരുന്നു ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങാനുള്ള ചിത്രമാണെന്ന്. ഇത് ആളുകൾ കാണുമോ, സ്വീകരിക്കപ്പെടുമോ എന്നായിരുന്നു അപ്പോൾ ഞാൻ കരുതിയത്.

എന്നാൽ നമ്മളെ ഞെട്ടിച്ചു കൊണ്ട് അത് വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ലേ. അങ്ങനെയുള്ള നല്ല സിനിമകൾ കാണാനുള്ള പ്രേക്ഷകരുമുണ്ട്. അവരെ തടയാതിരിക്കുക എന്നതാണ്. അവർ ഓരോന്ന് കണ്ട് പൊയ്ക്കോട്ടേ,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil Talk About Success Of Bramayugham Movie