| Wednesday, 13th December 2023, 4:25 pm

ആ ഗാനരംഗം ഷൂട്ട്‌ ചെയ്തതും ലാൽ പാടി അഭിനയിച്ചതും പാട്ട് കേൾക്കാതെ: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിൽ – ലോഹിതാദാസ് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായ ഭരതം. ചിത്രത്തിലെ പ്രകടനത്തിലൂടെ ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡും മോഹൻലാൽ കരസ്ഥമാക്കിയിരുന്നു. ഒരുപാട് പാട്ടുകൾ ഉള്ള ചിത്രത്തിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ചിത്രത്തിലെ ഒരു പാട്ട് സീൻ ഷൂട്ട്‌ ചെയ്തതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ സിബി മലയിൽ.

ഭരതത്തിലെ രഗുവംശപതേ പാട്ട് ഷൂട്ട്‌ ചെയ്യുന്ന ദിവസം മദ്രാസിൽ നിന്ന് എത്തേണ്ട പാട്ട് ഒരുപാട് ലേറ്റ് ആയിട്ടായിരുന്നു എത്തിയതെന്നും അഞ്ച് കഷ്ണങ്ങളായി എത്തിയ പാട്ട് പിന്നീട് കൂട്ടി ചേർക്കുകയായിരുന്നുവെന്നും സിബി മലയിൽ പറയുന്നു.

പാട്ട് പഠിക്കാത്ത മോഹൻലാലിനോട് വരികൾ കേൾക്കുന്നതനുസരിച്ച് ചുണ്ട് അനക്കിയാൽ മതിയെന്ന് പറഞ്ഞെന്നും മോഹൻലാൽ കേൾക്കുന്ന പോലെ പാടുകയാണ് ചെയ്തതെന്നും കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ കൂട്ടിച്ചേർത്തു.

‘ആ പാട്ട് മദ്രാസിൽ നിന്ന് രാവിലത്തെ മാഗ്ലൂർ മെയിലിൽ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. കോഴിക്കോട് ടാഗോർ തിയേറ്റർ ബുക്ക്‌ ചെയ്തു. ഞങ്ങൾക്ക് ഒരുപാട് ആളുകൾ ഉള്ള ഒരു സദസ് വേണമായിരുന്നു. അതിനുള്ള ആൾക്കാരെയൊക്കെ കൊണ്ട് വന്നു. നാല് മണിക്ക് അവരെയെല്ലാം തിരിച്ചു വിടണം എന്ന ധാരണയിൽ അങ്ങനെ ഒരുപാട് പേരെ കൊണ്ട് വന്നു.

8 മണിക്ക് എത്തേണ്ട ട്രെയിൻ അന്ന് ഒമ്പത് മണിയായിട്ടും എത്തിയില്ല. സെറ്റിൽ എല്ലാവരും എത്തിയിട്ടുമുണ്ട്. പാട്ട് ഞങ്ങൾക്ക് ഷൂട്ട്‌ ചെയ്യണം. പക്ഷെ പാട്ട് കേട്ടിട്ട് പോലുമില്ല. ഞാൻ ക്യാമറമാനോട് നമുക്ക് ഏതെങ്കിലും ഒരു പാട്ട് ഇട്ട് കൊടുക്കാം അവരുടെ റിയാക്ഷൻസ് പല ആംഗിളിൽ നിന്ന് എടുത്താൽ മതിയെന്ന് പറഞ്ഞു. അങ്ങനെ അത് ഷൂട്ട്‌ ചെയ്തു.

അപ്പോഴേക്കും പാട്ട് വന്നു. ഞാൻ സ്റ്റേജിന്റെ പുറകിൽ ചെന്ന് പാട്ട് കേട്ട് നോക്കി. പാട്ട് അഞ്ചു കഷ്ണങ്ങളായിട്ടായിരുന്നു വന്നത്. അതെല്ലാം കൂടെ ജോയിൻ ചെയ്താല്ലേ ഒറ്റ സ്‌ട്രെച്ചിൽ ആ പാട്ട് കേൾക്കാൻ പറ്റുകയുള്ളൂ. അങ്ങനെ ഇരുന്ന് അത് കേട്ട് നോക്കി. സഹ സംവിധായകർ അത് മാർക്ക് ചെയുന്നുണ്ട്. അതൊരു പ്രോസസ്സ് ആണ്.

പാട്ട് കൈയിൽ കിട്ടിയപ്പോൾ ഞാൻ ക്യാമറമാനോട് ഏറ്റവും ബാക്കിൽ ചെന്ന് ലൈറ്റ് ചെയ്ത് ക്യാമറ സെറ്റ് ചെയ്യാൻ പറഞ്ഞു. അത് ഒരുപാട് സമയം വേണ്ട ഒരു കാര്യമാണ്. ആ നേരത്ത് എനിക്ക് ബാക്കി കാര്യങ്ങൾ സെറ്റ് ചെയ്യാമല്ലോ.

ക്യാമറയൊക്കെ സെറ്റ് ആക്കി ലാലിനെ സ്റ്റേജിൽ കൊണ്ടിരുത്തി. എന്നിട്ട് പാട്ടിട്ടു. ലാലിനോട് ഞാൻ പറഞ്ഞു, വരിയിൽ കേൾക്കുന്നതൊക്കെ പാടിക്കോയെന്ന്. അങ്ങനെ ട്രോളിയും ക്രെയിനുമെല്ലാം സെറ്റ് ചെയ്ത് കുറേ വൈഡ് ഷോട്ടുകൾ എടുത്തു.

അങ്ങനെ എടുക്കുമ്പോൾ ലിപ് അധികം മനസിലാവില്ല. വരുന്ന വരികൾക്കനുസരിച്ച് ലാൽ കേൾക്കുന്ന പോലെയങ്ങ് പാടി. ലാൽ പാട്ട് പഠിച്ചിട്ടില്ലായിരുന്നു. കിട്ടുന്ന സമയത്ത് ചുണ്ട് കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ആ പാട്ട് ഷൂട്ട്‌ ചെയ്തത്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Shooting Memories Of A Song In Bharatham Movie

We use cookies to give you the best possible experience. Learn more