ആ മോഹൻലാൽ ചിത്രത്തിന് രണ്ടാംഭാഗം വേണമെന്ന് ആഗ്രഹമുണ്ട്, പ്ലാൻ ചെയ്തെങ്കിലും നടന്നില്ല: സിബി മലയിൽ
Entertainment
ആ മോഹൻലാൽ ചിത്രത്തിന് രണ്ടാംഭാഗം വേണമെന്ന് ആഗ്രഹമുണ്ട്, പ്ലാൻ ചെയ്തെങ്കിലും നടന്നില്ല: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th August 2024, 3:39 pm

ലോഹിതാദാസ് – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ മികച്ച സിനിമയാണ് ദശരഥം. മോഹൻലാലിന്റെ ഗംഭീര പ്രകടനം കണ്ട സിനിമ കൂടിയായിരുന്നു ദശരഥം. ചിത്രത്തിലെ രാജീവ്‌ മേനോൻ എന്ന മോഹൻലാൽ കഥാപാത്രത്തിന് ഒരു അവസാനം ഇല്ലാതെയാണ് ദശരഥം അവസാനിക്കുന്നത്.

എന്നാൽ ആ കഥാപാത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നറിയാൻ ചിത്രത്തിന്റെ ഒരു രണ്ടാംഭാഗം വേണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അതിന്റെ സ്ക്രിപ്റ്റ് വർക്കെല്ലാം പൂർത്തിയാക്കിയിരുന്നുവെന്നും സിബി മലയിൽ പറയുന്നു.

രാജീവ് മേനോനെ കുറിച്ചുള്ള ഒരു അന്വേഷണമായിരുന്നു ആ ചിത്രമെന്നും ദശരഥത്തിനൊപ്പമോ അതിന് മുകളിലോ നിൽക്കേണ്ട സിനിമയായിരുന്നു അതെന്നും എന്നാൽ ചിത്രം സംഭവിച്ചില്ലെന്നും സിബി മലയിൽ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു രണ്ടാംഭാഗം വേണമെന്ന് ഞാൻ ആഗ്രഹിച്ച സിനിമയാണ് ദശരഥം. അയാളെ ഒരു അപൂർണതയിലാണ് നിർത്തിയിരിക്കുന്നത്. അയാൾക്ക് ഇനിയും ഒരു ജീവിതമില്ലേ. അയാൾ ഇനിയും ജീവിച്ചിട്ടുണ്ടാവുമല്ലോ.

ആ കുട്ടിയെ അങ്ങനെ മറന്ന് കളയാനൊന്നും അയാൾക്ക് കഴിയില്ലല്ലോ. കഥ അവസാനിക്കുമ്പോൾ അയാൾക്ക് ആ ഇമോഷൻ മനസിലായി. അയാൾ കുഞ്ഞിനെ വിട്ട് കൊടുക്കുന്നത് വലിയ സന്തോഷത്തോടെയൊന്നുമല്ല. ആ സ്ത്രീയുടെ വേദന കണ്ട് വിട്ടുകൊടുക്കുന്നതാണ്.

പക്ഷെ മാഗി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന നിമിഷം ആ നന്മ അയാളിലേക്ക് വന്നു. അയാളുടെ ജീവിതം പിന്നീട് എന്താണെന്ന് ഒരു അന്വേഷണം ഉണ്ടായിരുന്നു. അതിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയതായിരുന്നു. പക്ഷെ അത് നടന്നില്ല.

സാധാരണ ഒരു കഥയുടെ രണ്ടാംഭാഗം എടുക്കുമ്പോൾ ആ കഥാപാത്രം ചെയ്യുന്ന വേറൊരു കാര്യത്തിലേക്ക് പോവും. ഉദാഹരണത്തിന് സി.ബി.ഐ സീരീസിനൊക്കെ തുടർഭാഗം വരുന്നത് ആ കഥാപാത്രം മാത്രം മുന്നോട്ട് പോവുന്നത് കൊണ്ടാണ്. എല്ലാത്തിലും കഥകൾ പുതിയതാണ്. പക്ഷെ ദശരഥം ഒരു കഥയുടെ തുടർച്ച തന്നെയാണ്.

ഒരു മുപ്പത് വർഷങ്ങൾക്ക് ശേഷം ഈ മനുഷ്യൻ ഇപ്പോൾ എവിടെയാണെന്നുള്ള ഒരു അന്വേഷണമാണ് ആ രണ്ടാംഭാഗം. ആ കുട്ടി എവിടെയാണ്. അവരുടെ അവസ്ഥയെന്താണ്. ആനി ഇപ്പോൾ എന്താണ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ നമുക്ക് മുന്നിലുണ്ട്. ഏറ്റവും അടിസ്ഥാനപരമായ ചോദ്യം രാജീവ്‌ മേനോന്റെ അവസ്ഥ ഇപ്പോൾ എന്താണ് എന്നുള്ളതാണ്.

അത് മറ്റൊരു ഡൈമൻഷനിലേക്ക് പോവേണ്ട സിനിമയായിരുന്നു. ദശരഥത്തിന്റെ ഒപ്പമെങ്കിലും എത്തണം ഒരു രണ്ടാംഭാഗമാണെങ്കിൽ. ഒപ്പമോ അതിന് മുകളിലോ എത്തുന്ന ഒരു സിനിമയായി മാറുമായിരുന്നു. അത് നടന്നില്ല. പക്ഷെ ഇനി അത് സംഭവിക്കുമോയെന്ന് എനിക്കറിയില്ല,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil Talk About Second Part Of Dasharataham Movie