ഞാൻ ഭയത്തോടെ സമീപിച്ച മോഹൻലാൽ ചിത്രം, അതിന്റെ തിരക്കഥ കോംപ്ലിക്കേറ്റഡായിരുന്നു: സിബി മലയിൽ
Entertainment
ഞാൻ ഭയത്തോടെ സമീപിച്ച മോഹൻലാൽ ചിത്രം, അതിന്റെ തിരക്കഥ കോംപ്ലിക്കേറ്റഡായിരുന്നു: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th March 2024, 4:50 pm

മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത സദയം. എം. ടി വാസുദേവൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമായിരുന്നു മലയാളികൾ കണ്ടത്.

വളരെ ഭയത്തോടെയാണ് താൻ സദയം എന്ന ചിത്രത്തെ സമീപിച്ചതെന്ന് സിബി മലയിൽ പറയുന്നു. തനിക്ക് എം.ടിയെ ഭയമായിരുന്നുവെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു സിബി മലയിൽ.

‘ഞാൻ വളരെ ഭയത്തോടെ സമീപിച്ച ചിത്രമാണ് സദയം. ഞാൻ അതുവരെ ചെയ്‌ത എല്ലാ സിനിമകളെക്കാൾ ശ്രദ്ധയോടെ സമീപിച്ച ചിത്രമാണ് സദയം. ഒന്നാമത്തെ കാര്യം അതിന്റെ തിരക്കഥ വളരെ കോംപ്ലിക്കേറ്റഡാണ്.

എം.ടി സാറിനെ പോലൊരു വലിയ എഴുത്തുകാരന്റെ സിനിമ ചെയ്യുന്ന ആ സമയത്തെ ഏറ്റവും ചെറിയ തലമുറയിൽപ്പെട്ട സംവിധായകനാണ് ഞാൻ. എം.ടി സാർ ലൊക്കേഷനിലൊക്കെ വരുമ്പോൾ ഞാൻ പേടിച്ചിട്ടാണ് നിൽക്കുന്നത്. ഞാൻ ചെയ്യുന്ന മണ്ടത്തരങ്ങൾ പുള്ളി കാണുന്നുണ്ടോ എന്നായിരുന്നു എന്റെ പേടി.

പുള്ളി ഒന്നും മിണ്ടാതെ എല്ലാം കണ്ടിട്ട് പോവും. അത് ശരിയാണോ തെറ്റാണോ എന്നൊന്നും പുള്ളിയുടെ മുഖഭാവത്തിൽ നിന്ന് നമുക്ക് മനസിലാവില്ല. പക്ഷെ ഞാൻ വളരെ സത്യസന്ധമായി, ഒരുപാട് ഉൾക്കൊണ്ട്‌ ചെയ്ത ചിത്രമാണ് സദയം. അതിന്റെ കറക്റ്റ് ഓർഡറിലാണ് ചിത്രം ഷൂട്ട്‌ ചെയ്തിട്ടുള്ളത്. നാല് രാത്രികൊണ്ടാണ് ഷൂട്ട് ചെയ്തത്,’സിബി മലയിൽ പറയുന്നു.

ചിത്രത്തിന്റെ ഫൈനൽ എഡിറ്റ് എം. ടിയെ കാണിക്കാൻ ടെൻഷനോടെയാണ് താൻ നിന്നതെന്നും എന്നാൽ പടം കണ്ട ശേഷം അദ്ദേഹം ചിരിക്കുകയാണ് ചെയ്തതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

എം. ടി സാറിനെ കാണിക്കാൻ വേണ്ടി ഫൈനൽ എഡിറ്റും കഴിഞ്ഞ് ഞാൻ നിന്നത് പരീക്ഷ എഴുതി പുറത്ത് നിൽക്കുന്ന ഒരാളെ പോലെയായിരുന്നു. സാർ അത് കണ്ടിട്ട് എന്റെ അടുത്ത് വന്ന് ചിരിച്ച്, മീശയും പിരിച്ചങ്ങ് പോയി. പക്ഷെ പുള്ളി അടുത്തകാലത്ത് ആരോടോ പറഞ്ഞെന്ന് ഞാൻ കേട്ടു, എന്റെ തിരക്കഥയുടെ മുകളിൽ പോയ ഏക സിനിമ ഇതാണെന്ന്.

അദ്ദേഹം പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം,’സിബി മലയിൽ പറഞ്ഞു.

Content Highlight: Sibi Malayil Talk About Script Of Sadhayam Movie